ചെറുപ്പത്തിൽ തനിക്കു നേരിട്ട മോശം അനുഭവങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് നടി അനാർക്കലി മരക്കാർ. ഏഴാം ക്ലാസ്സിൽ തനിക്കു നേരിട്ട ദുരനുഭവത്തെക്കുറിച്ചാണ് ജോഷ് ടോക്സ് എന്ന പരിപാടിയിൽ അനാർക്കലി തുറന്നു പറഞ്ഞത്.
‘ഏഴാം ക്ലാസിൽ പഠിക്കുന്ന സമയത്താണ് ആദ്യമായി ഒരാളിൽ നിന്നും ഒരു മോശം പെരുമാറ്റം നേരിട്ടത്. ഒരു കടയിൽ പോകുമ്പോഴായിരുന്നു സംഭവം. ഒരു മനുഷ്യൻ ചോക്ലേറ്റ് തന്നു ഒരു സ്ഥലത്തേക്ക് കൊണ്ടുപോയി ശരീരത്തിൽ കടന്നുപിടിക്കാൻ ശ്രമിക്കുകയായിരുന്നു.
ശരീരത്തിന്റെ പല ഭാഗത്തും അയാൾ തൊടാൻ ശ്രമിച്ചപ്പോൾ അത് എന്താണെന്ന് അറിയില്ലെങ്കിൽ കൂടി അയാളുടെ പിടിയിൽ നിന്നും ഓടി മാറി രക്ഷപെടുകയായിരുന്നു. വീട്ടിൽ ചെന്ന് പറയാൻ പേടി ഉണ്ടായിരുന്നു. എങ്കിലും അമ്മയോട് പറഞ്ഞു, അപ്പോൾ ഇത്തരം കാര്യങ്ങൾ നീ തനിയെ ഡീൽ ചെയ്യണം എന്നാണ് അമ്മ പറഞ്ഞത്. അവിടുന്നിങ്ങോട്ടു എന്റെ കാര്യങ്ങളെല്ലാം ഞാൻ തന്നെയാണ് ഡീൽ ചെയ്തിട്ടുള്ളത്.’ അനാർക്കലി പറയുന്നു.
പഠനത്തിൽ താൻ ആവറേജ് ആയിരുന്നു. സ്കൂളിൽ ഒരു ചെറിയ ഗ്രൂപ്പിന് കൂടുതൽ പരിഗണന കിട്ടിയിരുന്നു. തനിക്ക് പാട്ടുപാടാനും ഡാൻസ് ചെയ്യാനും ഇഷ്ടമായിരുന്നു എന്നാൽ അവസരങ്ങൾ ഒന്നും ലഭിച്ചിരുന്നില്ല. അതിൽ വല്ലാത്ത സങ്കടവുമുണ്ടായിരുന്നു. താൻ ടോം ബോയ് ആയി നടക്കുന്ന ഒരു കുട്ടിയായിരുന്നു, ഒട്ടും സുന്ദരി ആയിരുന്നില്ല. അതായിരിക്കണം തന്നെ ഒന്നിനും പരിഗണിക്കാതിരുന്നത്. വളരെ നിരാശയായ ഒരു സമയത്ത് സ്കൂൾ മാറണം എന്നുവരെ തോന്നിയിരുന്നെന്നും അതൊന്നും പക്ഷെ നടന്നില്ലെന്നും അനാർക്കലി പറയുന്നു.
സ്കൂളിൽ നിന്നും കിട്ടിയ അവഗണന തന്നെ വളരെ മോശമായി ബാധിച്ചിരുന്നു. പടം വരക്കാനും പാട്ടുപാടാനും ഡാൻസ് ചെയ്യാനും അറിയാമെങ്കിലും അതൊന്നും മികച്ച രീതിയിൽ കൊണ്ടുപോകാൻ സാധിക്കാത്തത് ഇതേ കാരണത്താലാണ്. എന്നാൽ താൻ ഇന്ന് നിൽക്കുന്ന പൊസിഷൻ തനിക്ക് വളരെ ആത്മവിശ്വാസം തരുന്നു എന്നും അന്ന് സ്കൂളിൽ ഉണ്ടായിരുന്നവർ ഒരിക്കലും താൻ ഈ നിലയിൽ എത്തിച്ചേരുമെന്ന് കരുതിയിട്ടുണ്ടാകില്ലെന്നും അനാർക്കലി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക