കണ്ണൂർ :ജില്ലയിലെ നഗരസഭാ അധ്യക്ഷന്മാര്, സെക്രട്ടറിമാര്‍ എന്നിവരെ ഉള്‍പ്പെടുത്തി രണ്ടാം ഘട്ട ജില്ലാ ആസൂത്രണ സമിതി (അഡ്ഹോക്) യോഗം ചേര്‍ന്നു. കൊവിഡ് വ്യാപനം നിലനില്‍ക്കുന്നതിനാല്‍ ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാര്ക്കായി ആദ്യ ഘട്ടത്തിലും കോര്പ്പറേഷന്, നഗരസഭ അധ്യക്ഷന്മാര്ക്കായി രണ്ടാം ഘട്ടത്തിലുമാണ് യോഗം ചേര്‍ന്നത്. ആസൂത്രണ സമിതി ചെയര്‍പേഴ്സണ്‍ പി പി ദിവ്യയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ 2021-22 ലെ വാര്‍ഷിക പദ്ധതികള്‍ ഫെബ്രുവരി 23 നകം ഡി പി സി യുടെ അംഗീകാരത്തിനായി സമര്‍പ്പിക്കണമെന്ന് നിര്‍ദേശം നല്കി.
മാലിന്യ പ്രശ്നം രൂക്ഷമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അറവ്, കോഴി മാലിന്യ സംസ്കരണത്തിനായി പാപ്പിനിശ്ശേരി പഞ്ചായത്തിലെ മാലിന്യസംസ്കരണ പ്ലാന്റ് ഉപയോഗപ്പെടുത്തണമെന്ന് നഗരസഭാ അധ്യക്ഷന്മാരോട് യോഗം നിര്‍ദേശിച്ചു. ജനകീയ ഹോട്ടല്‍ ആരംഭിക്കാത്ത ഇടങ്ങളില്‍ ഉടന്‍ ആരംഭിക്കണം. വലിയ നഗരസഭകളാണെങ്കില് പത്ത് വാര്‍ഡുകളില്‍ ഒന്ന് എന്ന രീതിയില്‍ ജനകീയ ഹോട്ടല്‍ ഉണ്ടാവണം. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഉല്‍പ്പന്നങ്ങളുടെ വിപണന സാധ്യത കണ്ടെത്തണമെന്നും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കണമെന്നും യോഗം നിര്‍ദേശിച്ചു.
2020-21 വാര്‍ഷിക പദ്ധതിയില്‍ ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കിയിട്ടുള്ള പദ്ധതികള്‍ രണ്ടു മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട അടിയന്തര പ്രാധാന്യമുള്ള മേഖലകളില്‍ ഭേദഗതി ഉണ്ടെങ്കില്‍ ജനുവരി 25നകം ജില്ല ആസൂത്രണ സമിതി മുമ്പാകെ സമര്‍പ്പിക്കണം.
യോഗത്തില്‍ ഡിപിഒ കെ പ്രകാശന്, ഡെപ്യൂട്ടി ഡയറക്ടര്‍ (ദുരന്തനിവാരണം) വി എസ് ബിനു, നഗരസഭ അധ്യക്ഷന്മാര്, സെക്രട്ടറിമാര്‍ എന്നിവര്‍ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക