സൗന്ദര്യ സംരക്ഷണത്തിന് പ്രാധാന്യം നല്‍കുന്നവരാണ് ഭൂരിഭാഗവും. പെണ്‍കുട്ടികള്‍ ഏറ്റവും കൂടുതല്‍ ഗൗരവത്തില്‍ എടുക്കുന്നത് മുടിയുടെ സൗന്ദര്യം തന്നെയാണ്.
താരന്, മുടി കൊഴിച്ചില്‍, അറ്റം പിളര്‍പ്പ് തുടങ്ങി മുടിയുടെ പ്രശ്നങ്ങള്‍ ഏറെയാണ്. അവ പരിഹരിക്കാനായി പലതരത്തിലുള്ള ഒറ്റമൂലികളും പ്രയോഗിക്കാറുമുണ്ട്.
എന്നാല്‍ അതിലും കൂടുതലായി കേള്‍ക്കുന്ന പരാതിയാണ് മുടി കാണാന്‍ ഒരു ഭംഗിയില്ല എന്നത്. മുടി അഴിച്ചിട്ടാലും കെട്ടി വെച്ചാലും ഒരു വൃത്തിയില്‍ ആകുന്നില്ല, മുടിയ്ക്ക് തിളക്കമില്ല തുടങ്ങി പെണ്‍കുട്ടികള്‍ക്ക് പലതരം പരാതികളാണ് മുടിയുടെ കാര്യത്തില്‍ ചൂണ്ടി കാണിക്കാനുണ്ടാകുക. ഇതിനായി ബ്യൂട്ടിപാര്‍ലറുകളില്‍ കയറിയിറങ്ങി പണംകളയുന്നവരും കുറവല്ല. എന്നാലിനി മുടിയുടെ സൗന്ദര്യം കൂട്ടാനും തിളക്കം വര്‍ദ്ധിപ്പിക്കാനും ബ്യൂട്ടിപാര്‍ലറുകളെ ആശ്രയിക്കേണ്ടതില്ല.
കുറച്ചു സാധനങ്ങള്‍ ഉപയോഗിച്ച് വീട്ടില്‍ തന്നെ ഹെയര്‍ സ്പാ ചെയ്യാവുന്നതാണ്. ഇതിനായി ആദ്യം അതിനാവശ്യമായ ക്രീം തയ്യാറാക്കിയെടുക്കണം. അതിനായി ഒരു പാത്രത്തില്‍ രണ്ട് ടീസ്പൂണ്‍ തൈര്, തൈര് എടുക്കുമ്പോള്‍ അതില്‍ ജലാംശം ഉണ്ടാകാന്‍ പാടുളളതല്ല. അതിനാല്‍ തൈര് ഒരു വെള്ളത്തുണിയിലിട്ട് പിഴിഞ്ഞ് അതിലെ ജലാംശം ഒഴിവാക്കിയതിനു ശേഷം മാത്രമേ ഉപയോഗിക്കാന്‍ പാടുകയുള്ളൂ. അതിലേക്ക് നാം സ്ഥിരമായി ഉപയോഗിക്കുന്ന എണ്ണ ഒരു ടീസ്പൂണ്‍, കറ്റാര്‍ വാഴയുടെ ജെല്‍ രണ്ട് ടീസ്പൂണ്‍, ഒരു ടീസ്പൂണ്‍ ഹെയര്‍ കണ്ടീഷണര്‍ എന്നിവ ഉപയോഗിച്ച് നന്നായി യോജിപ്പിക്കുക.
അതോടെ ക്രീം തയ്യാറായി കഴിഞ്ഞു. ഇനി മുടി നന്നായി ചീകി ഒതുക്കിയതിനു ശേഷം സ്ഥിരമായി ഉപയോഗിക്കുന്ന എണ്ണ അഞ്ച് മിനിറ്റോളം തലയോട്ടില്‍ മസാജ് ചെയ്ത് പിടിപ്പിക്കുക. പിന്നീട് മുടിയിഴകളില്‍ ഓരോന്നായി തയ്യാറാക്കി വെച്ചിരിക്കുന്ന ക്രീം നന്നായി തേച്ചു പിടിപ്പിക്കുക. ഇരുപത് മിനിറ്റിനു ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് മുടി നന്നായി കഴുകുക. പിന്നീട് ഹെയര്‍ ഡ്രയര്‍ ഉപയോഗിച്ചോ ഫാനിന്റെ കാറ്റിലോ ഉണക്കിയെടുക്കുക. മുടി വളരെ ഭംഗിയുള്ളതും തിളക്കമുളളതുമായി മാറുന്നു. മാസത്തില്‍ ഒരു തവണയെങ്കിലും ഇങ്ങനെ ചെയ്യുന്നത് മുടിയുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും ഏറെ നല്ലതാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക