കണ്ണൂർ :കളികളിലൂടെ കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും കായികരംഗത്ത് കൂടുതല്‍ മികവ് കൈവരിക്കുന്നതിനുമായി സ്കൂളുകളില്‍ പ്ലേ ഫോര്‍ ഹെല്‍ത്ത് പദ്ധതി. പ്രൈമറി സ്കൂളുകളില്‍ നടപ്പാക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ (ജനുവരി 25) രാവിലെ 9.30ന് വ്യവസായ കായിക വകുപ്പ് മന്ത്രി ഇ പി ജയരാജന് നിര്‍വ്വഹിക്കും. തളാപ്പ് ഗവണ്മെന്റ് മിക്സഡ് യുപി സ്കൂളില്‍ നടക്കുന്ന പരിപാടിയില്‍ തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി അധ്യക്ഷനാവും. മേയര്‍ അഡ്വ. ടി ഒ മോഹനന്, കെ സുധാകരന് എം പി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ എന്നിവര്‍ പങ്കെടുക്കും.
കുട്ടികളുടെ കായികവും മാനസികവുമായ വളര്‍ച്ചയ്ക്ക് പിന്തുണ നല്കി താല്പര്യമുള്ള കായിക വിനോദങ്ങള്‍ തെരഞ്ഞെടുക്കാന്‍ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് കായിക വകുപ്പ് പ്ലേ ഫോര്‍ ഹെല്‍ത്ത് പദ്ധതി നടപ്പാക്കുന്നത്.
വിനോദത്തിലൂടെ കുട്ടികളില്‍ ആരോഗ്യപൂര്‍ണമായ ജീവിത ശൈലി വളര്‍ത്തിയെടുക്കാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. പ്രൊഫഷണല്‍ രീതിയില്‍ സ്കൂളുകളില്‍ ഇന്‍ഡോറിലും ഔട്ട്ഡോറിലും കായികോപകരണങ്ങള്‍ സജ്ജീകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഒഴിവു സമയങ്ങളില്‍ എല്ലാ കുട്ടികള്‍ക്കും ഉപയോഗിക്കാവുന്ന രീതിയിലാണ് ഔട്ട്ഡോര്‍ ഉപകരണങ്ങള്‍ ഒരുക്കിയിട്ടുളളത്. പി ടി പിരീഡ് ഉപയോഗപ്പെടുത്തി ഇന്‍ഡോര്‍ ഉപകരണങ്ങള്‍ കുട്ടികള്‍ക്ക് ലഭ്യമാക്കും.
കുട്ടികളുടെ നട്ടെല്ലിനും പേശികള്‍ക്കും ഉത്തേജനവും ആരോഗ്യവും പ്രദാനം ചെയ്യുന്ന സ്പൈറല്‍ ബംബി സ്ലൈഡര്‍, കൈകാലുകളുടെ ആരോഗ്യവും ചലന ശേഷിയും പരിപോഷിപ്പിക്കുന്ന ആര് ആന്‍ഡ് എച്ച് പാര്‍ക് എന്നീ ഉപകരണങ്ങളാണ് പുറമെ സ്ഥാപിച്ചരിക്കുന്നത്. കായിക അഭിരുചി വര്‍ധിപ്പിച്ച് കഴിവ് കണ്ടെത്താനായി ബാസ്ക്കറ്റ് ബോള്‍ അറ്റംപ്റ്റര്‍, ഫുട്ബോള്‍ ട്രെയിനര്‍, ശരീരത്തിന് ഉറപ്പും വഴക്കവും പ്രാധാന്യം ചെയ്ത് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന ബാലന്‍സിംഗ് വാക്ക് തുടങ്ങിയ ഉപകരണങ്ങള്‍ സ്കൂളിനകത്തും സജ്ജമാക്കിയിട്ടുണ്ട്.
സിഡ്കോയുടെ സാങ്കേതിക സഹകരണത്തോടു കൂടി 25 സ്കൂളുകളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്നത്. ജില്ലയില്‍ ഗവൺമെൻ്റ് മിക്സഡ് യുപി സ്കൂൾ തളാപ്പിന് പുറമെ, ഗവണ്മെന്റ് എല്‍പി സ്കൂള്‍ കണ്ണവം, ഗവ. എല്‍പി സ്കൂള്‍ മുഴപ്പിലങ്ങാട് എന്നിവിടങ്ങളിലും പദ്ധതി ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക