വീടു വയ്ക്കാൻപോലും സ്ഥലം കിട്ടാൻ ബുദ്ധിമുട്ടുള്ള നമ്മുടെ നാട്ടിൽ, വിശേഷിച്ച് പട്ടണങ്ങളിൽ പൂന്തോട്ടം പലർക്കും കിട്ടാക്കനിയാണ്. വീടിന്റെ ടെറസിലോ ബാൽക്കണിയിലോ ഉള്ള സൗകര്യത്തിൽ തങ്ങൾക്കിഷ്ടപ്പെട്ട പൂച്ചെടികളും മറ്റ് അലങ്കാരച്ചെടികളും ചട്ടികളിൽ വളർത്തി ഉദ്യാനമെന്ന സ്വപ്നം സഫലമാക്കുന്നവരാണ് നമ്മളിൽ പലരും
പൂവിട്ടുനിൽക്കുന്ന അഡീനിയവും ഓർക്കിഡും ബോഗൻവില്ലയും ചെമ്പരത്തിയും എല്ലാം ഉൾപ്പെടുത്തി പൂന്തോട്ടത്തിന്റെ പ്രതീതി ടെറസിൽത്തന്നെ ഉണ്ടാക്കി യെടുക്കാം. ഇന്ന് വിപണിയിൽ ലഭ്യമായ ഭാരം കുറഞ്ഞ പ്ലാസ്റ്റിക് ചട്ടിയും ചകിരിച്ചോറും പെർലൈറ്റും മണ്ണിരക്കമ്പോസ്റ്റും എല്ലാം ഉപയോഗിച്ച് ടെറസിനു കേടു വരാത്ത വിധത്തിൽ ചെടികൾ പരിപാലിക്കാനാവും. നാട്ടിൽ വന്നെത്തുന്ന പുതുപുത്തൻ പൂച്ചെടികളിൽ ഇഷ്ടപ്പെട്ടവയെല്ലാം ഇവിടെ നട്ടുവളർത്താൻ തിരഞ്ഞെടുക്കാം.
ടെറസ് ഗാർഡൻ ഒരുക്കുന്നതിനു മുൻപ് വെള്ളം വേഗത്തിൽ വാർന്നുപോകുന്ന തരത്തിൽ ടെറസിന് ആവശ്യമായ ചെരിവ് നൽകണം. ചോർച്ച തടയാൻ കോട്ടിങ് ഇടണം. ഈ ആവരണം ആറു മാസത്തിലൊരിക്കൽ പുതുക്കുന്നതു കൊള്ളാം. ടെറസിന്റെ നിലത്ത് ടൈൽ വിരിക്കുന്നതും ഈ ആവശ്യത്തിന് ഉപകരിക്കും. ചെടി നട്ട ചട്ടികൾ നിലത്തു നേരിട്ടുവയ്ക്കാതെ ടൈലിന്റെ അല്ലെങ്കിൽ ഗ്രാനൈറ്റിന്റെ കഷണങ്ങൾക്കു മുകളിൽ വേണം വയ്ക്കാൻ. ഇത് ചട്ടികളിൽനിന്നുള്ള അധിക ജലം നിലത്തു തങ്ങിനിൽക്കാതെ വാർന്നുപോകാൻ ഉപകരിക്കും. ടെറസിന്റെ ഒരു ഭാഗത്ത് യുവി ഷീറ്റ് ഉപയോഗിച്ചുള്ള മഴമറ ഉണ്ടെങ്കിൽ ഇതിനുള്ളിൽ മഴക്കാലത്ത് അഡീനിയം, അഗ്ലോനിമ, കള്ളിച്ചെടികൾ, ഓർക്കിഡുകൾ ഇവയെല്ലാം മഴകൊള്ളാതെ സംരക്ഷിക്കാം. ചെടികൾ പ്ലാസ്റ്റിക് ചട്ടിയിൽ വളർത്തിയാൽ ചെടിക്കു നൽകുന്ന വെള്ളം മിശ്രിതത്തിൽനിന്നു വേഗത്തിൽ നഷ്ടപ്പെടാതിരിക്കും.
ചെടികൾക്ക് തുള്ളിനനയാണ് ഉചിതം. വെള്ളം ലാഭിക്കുന്നതിനൊപ്പം ടെറസിൽ അനാവശ്യമായി വെള്ളം തങ്ങിനിൽക്കുന്നത് ഒഴിവാക്കാനുമാകും. ഓർക്കിഡ്, കള്ളിച്ചെടികൾ, വള്ളിച്ചെടികൾ തുടങ്ങിയവ തൂക്കുചട്ടികളിൽ വളർത്തിയാൽ നിലത്തു കൂടുതൽ ചെടികൾ കൂടി ഉൾപ്പെടുത്താനാകും. ഉദ്യാനത്തിൽ നിലത്തു വളർത്തുന്ന ചെടികളെ ശല്യംചെയ്യുന്ന ഒച്ച്, ചിതൽ ഇവയൊന്നും മേൽത്തട്ടിലുള്ള ചെടികൾക്ക് ശല്യമായി ഉണ്ടാകാറില്ല. ടെറസിൽ പരിപാലിക്കുന്ന ചെടികൾക്ക് കഴിയുന്നതും രാസവളങ്ങൾ ഒഴിവാക്കണം. രാസവളങ്ങൾ വാർക്കയ്ക്കു ബലക്ഷയമുണ്ടാക്കും. വീടിനു മുകളിൽ ചെടികൾ വളർത്തിയാൽ താഴെ മുറിക്കുള്ളിലെ ചൂട് നന്നായി കുറയും.
കുമിൾ, ബാക്ടീരിയ രോഗങ്ങളും ചെറുപ്രാണികൾ വഴിയുള്ള കീടബാധയും നിലത്തു വളർത്തുന്ന ചെടികളിലെന്നപോലെ ടെറസിലുള്ള ചെടികൾക്കും കാണാം. മേൽത്തട്ടിൽ ചട്ടിയിൽ വളർത്തുന്ന ചെടികൾക്ക് കാറ്റ് വലിയൊരു പ്രശ്നമാണ്. കമ്പു കോതിനിർത്തിയാൽ ഒരു പരിധിവരെ ചെടികളെ പടിഞ്ഞാറൻ കാറ്റിൽനിന്നു രക്ഷിക്കാനാവും. പടിഞ്ഞാറുവശത്ത് താഴെനിന്നു 4–5 അടി ഉയരത്തിൽ പച്ചത്തണൽവല കെട്ടിയാൽ ശക്തമായ പടിഞ്ഞാറൻ കാറ്റിൽനിന്നു ചെടികളെ സംരക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക