തിരുവനന്തപുരം :കൂടത്തിൽ ജയമാധവൻ നായരുടെ അസ്വാഭാവിക മരണം കൊലപാതകമെന്ന് ഇന്നലെ കണ്ടെത്തിയിരുന്നു . തലയ്ക്കേറ്റ പരുക്കാണ് ജയമാധവൻ നായരുടെ മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലും ആന്തരാവയവങ്ങളുടെ പരിശോധനാ റിപ്പോർട്ടിലുമുണ്ടായിരുന്നത്. മുഖത്ത് രക്തം കട്ടപിടിച്ച നിലയിലായിരുന്നു.
മുറിവുകൾ എങ്ങനെ സംഭവിച്ചു എന്നറിയാനാണ് ഫൊറൻസിക് പരിശോധന നടത്തിയത്. സ്ഥലത്തുനിന്ന് രക്തക്കറ പുരണ്ട തടിക്കഷ്ണം അടക്കം ശേഖരിച്ചിരുന്നു. ജയമാധവൻ നായരുടെ സഹോദരൻ ജയപ്രകാശ് രക്തം ഛർദിച്ചാണ് മരിച്ചതെങ്കിലും പോസ്റ്റുമോർട്ടം നടത്തിയിരുന്നില്ല.
2017 ഏപ്രിൽ 2ന് കൂടത്തിൽ തറവാട്ടിലെത്തിയപ്പോൾ വീണുകിടക്കുന്ന ജയമാധവൻ നായരെ കാണുകയും ഓട്ടോറിക്ഷയിൽ മെഡിക്കൽ കോളജിലെത്തിച്ചെന്നുമായിരുന്നു കാര്യസ്ഥനായിരുന്ന രവീന്ദ്രൻനായരുടെ മൊഴി.
വീട്ടുജോലിക്കാരിയായ ലീലയും കൂടെയുണ്ടായിരുന്നു. ജയമാധവൻ നായർ മരിച്ചതായി ഡോക്ടർമാർ അറിയിച്ചതിനെത്തുടർന്ന് ഓട്ടോറിക്ഷയിൽ ലീലയും രവീന്ദ്രൻനായരും കരമന സ്റ്റേഷനിലെത്തി.
മൊഴി നൽകാൻ താൻ ഇറങ്ങിയെന്നും ലീല ഓട്ടോയിൽ കൂടത്തിൽ തറവാട്ടിലേക്കു പോയെന്നുമാണ് രവീന്ദ്രൻ നായരുടെ മൊഴി. എന്നാൽ, കരമന സ്റ്റേഷനിൽ പോയില്ലെന്നും മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യാനുള്ളതിനാൽ തന്നോട് ഓട്ടോ വിളിച്ച് വീട്ടിൽ പോകാൻ രവീന്ദ്രൻനായർ ആവശ്യപ്പെട്ടെന്നുമാണ് ലീലയുടെ മൊഴി. ഈ മൊഴികളിലെ വൈരുധ്യം ആദ്യ അന്വേഷണസംഘം പരിശോധിച്ചില്ലെങ്കിലും രണ്ടാമത് അന്വേഷിച്ച സംഘം വിശദമായി വിലയിരുത്തി.
ജയമാധവൻ നായരെ ആശുപത്രിയിലേക്കു കൊണ്ടുപോയതായി ആദ്യം പറഞ്ഞ ഓട്ടോഡ്രൈവർ പിന്നീട് മൊഴി മാറ്റി. ആശുപത്രിയിൽ പോയിട്ടില്ലെന്നും, 5 ലക്ഷം രൂപ രവീന്ദ്രൻനായർ വാഗ്ദാനം ചെയ്തതു കൊണ്ടാണ് കള്ളം പറഞ്ഞതെന്നുമായിരുന്നു രണ്ടാമത്തെ മൊഴി. അടുത്ത വീട്ടിലെ ഓട്ടോ ഡ്രൈവർ തന്റെ വണ്ടി രാത്രി പാർക്കു ചെയ്തിരുന്നത് കൂടത്തിൽ തറവാട്ടിലായിരുന്നു.
ഈ ഓട്ടോ വിളിക്കാതെ മറ്റൊരു കാര്യസ്ഥനായ സഹദേവന്റെ സഹായത്തോടെ ഓട്ടോ വിളിച്ച് ജയമാധവൻ നായരെ മെഡിക്കൽ കോളജിലേക്കു കൊണ്ടുപോയതിൽ ദുരൂഹതയുണ്ടെന്ന് കേസിലെ പരാതിക്കാരിയായ പ്രസന്നകുമാരിയമ്മയും മൊഴി നൽകിയിരുന്നു. ഇക്കാര്യങ്ങളും പുതിയ സംഘം പരിശോധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക