Home ASTROLOGY കുജ-രാഹുയോഗം , ഈ 6 കൂറുകാർ ജാഗ്രത പാലിക്കുക

കുജ-രാഹുയോഗം , ഈ 6 കൂറുകാർ ജാഗ്രത പാലിക്കുക

ഫെബ്രുവരി 22 മുതൽ ഏപ്രിൽ 14 വരെ ചൊവ്വയും രാഹുവും യോഗം ചെയ്യുന്നു. ഏപ്രിൽ 6 ന് വ്യാഴം അതിചാരത്തിൽ കുംഭം രാശിയിൽ പ്രവേശിക്കുന്നതോടെ വ്യാഴത്തിന് ഇടവം രാശിയിലേക്ക് ദൃഷ്ടി ഇല്ലാതാക്കുന്നു.

ഏപ്രിൽ 6 മുതൽ 15 വരെ വ്യാഴദൃഷ്ടി ഇല്ലാതെ കുജ-രാഹു യോഗം വരുന്നതിനാൽ ഇടവം, മിഥുനം, ചിങ്ങം, തുലാം, വൃശ്ചികം, ധനു കൂറുകാർക്ക് പ്രതികൂല അനുഭവങ്ങൾക്കു സാധ്യതയുണ്ട്. കരുതൽ ആവശ്യമാണ്.

ഇടവം രാശി നക്ഷത്രങ്ങൾ ആയ (കാർത്തിക, അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിരം ആദ്യപകുതി) ഇവർക്ക് ജന്മത്തിൽ ആണ് കുജ-രാഹു യോഗം ചെയ്യുന്നത്. മനോവിഷമങ്ങളും സ്വഭാവ വ്യത്യാസങ്ങളും അപകടഭീതിയും മറ്റുമാണു ഫലം.

ഇപ്പോൾ രാഹു രോഹിണി നക്ഷത്രത്തിൽ സ്ഥിതി ചെയ്യുന്നതിനാൽ രോഹിണി നാളിൽ ചൊവ്വ പ്രവേശിക്കുന്ന സമയം മുതൽ ഈ നക്ഷത്രക്കാർക്ക് പ്രത്യകമായും കുജ-രാഹു യോഗത്താലുള്ള ഫലങ്ങൾ ഉണ്ടാകും.

മാർച്ച് 11 മുതൽ ഏപ്രിൽ 2 വരെ കുജ-രാഹുയോഗം രോഹിണി നാളിൽ ആയിരിക്കും. രോഹിണി, അത്തം, തിരുവോണം നക്ഷത്രക്കാർക്ക് ഇക്കാലത്ത് വ്യക്തി സുരക്ഷിതത്വത്തിൽ ജാഗ്രത വേണം. മിഥുനം, തുലാം, വൃശ്ചികം രാശിക്കാർക്കും ഈ കാലയളവ് അനുകൂലമാകില്ല.

മിഥുനക്കൂറിൽ പെട്ട നക്ഷത്രക്കാർക്ക് (മകയിരം രണ്ടാം പകുതി, തിരുവാതിര, പുണർതം ആദ്യ മുക്കാൽ) 12 -ൽ ആണ് കുജ-രാഹു യോഗം. ഈ നക്ഷത്രക്കാർക്ക് ചെലവുകൾ വർധിക്കും. സാമ്പത്തിക നഷ്ടം ഉണ്ടാകും. ചികിത്സയ്ക്കുവേണ്ടി പണം ചെലവഴിക്കേണ്ടി വരും. സർക്കാരിൽ നിന്ന് അനുകൂലമല്ലാത്ത നടപടികൾക്കു സാധ്യത വർധിക്കും. കാൽപാദത്തിന് പരുക്ക് പറ്റാൻ സാധ്യത കൂടും. അമിതചിന്തകൾ മൂലം മനഃശാന്തി കുറയും.

ചിങ്ങക്കൂറുകാർക്ക് കുജ-രാഹു യോഗം കർമസ്ഥാനമായ 10 -ൽ ആയതിനാൽ തൊഴിൽ തടസ്സം തുടങ്ങിയ ഫലങ്ങൾക്കു സാധ്യത. അതിനാൽ മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം നാളുകാർ കരുതൽ പാലിക്കണം.

തുലാക്കൂറ് (ചിത്തിര അവസാന പകുതി, ചോതി, വിശാഖം മുക്കാൽ) ഈ കൂറുകാർക്ക് എട്ടിൽ ആണ് കുജ-രാഹു യോഗം. ഭീഷണി, രോഗഭീതി,. വസ്തുക്കൾ നഷ്ടപ്പെടുക, അഗ്നിബാധ, ജീവികളിൽ നിന്ന് ആക്രമണം, അപമാനം, കുറ്റകൃത്യങ്ങളിൽ പെടുക എന്നിവ ഫലം. സുരക്ഷിതമല്ലാത്ത യാത്രകൾ, സാമ്പത്തിക ഇടപാടുകൾ എന്നിവ അത്യാവശ്യമല്ലാത്തവ ഒഴിവാക്കുക.

വൃശ്ചികക്കൂറ് (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട) ഏഴിൽ ആണ് കുജ-രാഹു യോഗം. നിശ്ചയിച്ച വിവാഹം മുടങ്ങിപ്പോകുക, പ്രേമ നൈരാശ്യം, ശാരീരിക ആക്രമണം, അഗ്നിബാധ, വിഷബാധ എന്നിവ ഫലം. പൊതുവിൽ മേൽപറഞ്ഞ കാലം ആർക്കും അത്ര നല്ലതല്ല. സ്ഫോടനം, ഭീകരാക്രമണം, വിമാനദുരന്തം, രാഷ്ട്രീയരംഗത്ത് അസ്ഥിരത, നേതാക്കന്മാർക്ക് ആരോഗ്യഹാനി, നിയമനടപടി, പൊതുജനാക്രമണം എന്നിവ ഉണ്ടാകാം. യാത്രകളിൽ അതീവജാഗ്രത പുലർത്തുക.

Also Read :  ഇവനൊന്നും വേറെ പണിയില്ലേ. അവന്റെയൊക്കെ മുഖത്ത് വല്ല ഭാവവും വരുമോ ?’ ; ആ നടൻ എന്നെ പരിഹസിച്ചു, അന്ന് ഞാൻ കരഞ്ഞു

ധനുക്കൂറുകാർക്ക് 6 -ൽ ആണ് കുജ-രാഹു യോഗം. മോഷ്ടാക്കളുടെ ശല്യം, നിയമക്കുരുക്കുകൾ എന്നിവ ഉണ്ടാകാം. മുൻകാല ബാധ്യതകളും ബന്ധങ്ങളും പ്രതിസന്ധികൾ സൃഷ്ടിക്കാൻ സാധ്യത. രാഹുവിന്റെ നക്ഷത്രക്കാർ ആയ തിരുവാതിര, ചോതി, ചതയം നാളുകാർക്കും, ചൊവ്വയുടെ നക്ഷത്രക്കാരായ മകയിരം, ചിത്തിര, അവിട്ടക്കാർക്കും ശാരീരിക അവശതകളും അപമാനകരമായ പ്രശ്നങ്ങളും ഉണ്ടാകാൻ സാധ്യത കൂടുതൽ ആകുന്നു.

മേൽപറഞ്ഞ 6 രാശിക്കാരായ രാഷ്ട്രീയ നേതാക്കൾ, അധികാരസ്ഥാനത്ത് ഇരിക്കുന്നവർ, പ്രധാന ഉദ്യോഗസ്ഥർ, തീ പിടിക്കുന്ന വസ്‌തുക്കൾ, കൈകാര്യം ചെയ്യുന്നവർ, എന്നിവർ ജാഗ്രത പുലർത്തുക.

ഇപ്പോൾ ചൊവ്വ രാഹു എന്നീ ഗ്രഹങ്ങളുടെ ദശ, അപഹാരകാലം ഉള്ളവരും കുജ-രാഹു ദശാസന്ധി ഉള്ളവരും അതീവ ജാഗ്രത പാലിക്കുക. പരിഹാരമായി ഈശ്വരഭജനം നടത്തുക.

അവരവരുടെ വിശ്വാസപ്രകാരം ദേവന്മാരെ ആരാധിക്കുക, വളരെ ശാന്തരായി കഴിയുക. പ്രകോപനങ്ങൾ ഒഴിവാക്കുക.

കടപ്പാട്: മനോരമ