അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ അമേരിക്കന്‍ പോപ് ഗായിക ലേഡി ഗാഗയുടെ നായകളെ കണ്ടെത്തി. ലോസ് ആഞ്ചലസ് പോലീസ് ഡിപാര്‍ട്ട്മെന്റാണ് ഇക്കാര്യം അറിയിച്ചത്. നായകളെ കൈമാറിയ യുവതിക്ക് മൂന്നര കോടിയുടെ പാരിതോഷികം ലഭിക്കും.
നായകളെ തട്ടിക്കൊണ്ടുപോയവരെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് സൂചന. നായകളെ തിരികെയേല്‍പ്പിച്ച യുവതിയുടെ വ്യക്തി വിവരങ്ങള്‍ പുറത്തുവിടാന്‍ പൊലീസ് തയ്യാറായിട്ടില്ല.
ഗാഗയുടെ നായകളെ പരിചരിക്കുന്നയാള്‍ മൂന്ന് നായകളുമായി നടക്കാനിറങ്ങയപ്പോഴാണ് അജ്ഞാത സംഘമെത്തുന്നത്. നായകളെ നടത്താന്‍ കൊണ്ടുപോയയാളെ വെടിവെച്ചിട്ട സംഘം മൂന്ന് നായകളെയും കടത്തി. എന്നാല്‍ ഇടയ്ക്ക് ഇതിലൊരു നായ രക്ഷപ്പെട്ടു. പൊലീസാണ് രക്ഷപ്പെട്ടോടിയ നായയെ കണ്ടെത്തിയത്. മിസ് ഏഷ്യ എന്നായിരുന്നു ഈ നായയുടെ പേര്. കൊജി, ഗുസ്താവ് എന്നീ രണ്ടു നായകളെ സംഘം കൊണ്ടുപോയി. നായകളെ നഷ്ടപ്പെട്ട വിവരം അറിഞ്ഞ ഗാഗ മൂന്നര കോടിയുടെ പാരിതോഷികം പ്രഖ്യാപിച്ചു.
പിന്നാലെ നടന്ന അന്വേഷണത്തിലാണ് പേരറിയാത്ത യുവതി നായകളെ കണ്ടെത്തിയത്. നായകളെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയിക്കാനായി ഒരു ഇമെയില്‍ ഐഡിയും ഗാഗയുടെ പ്രതിനിധി പുറത്തുവിട്ടിട്ടിരുന്നു. ഈ മെയില്‍ ഐഡി വഴിയാണ് യുവതി നായകളെ കണ്ടെത്തിയ വിവരം കൈമാറിയത്. നിലവില്‍ ജോലിയുടെ ഭാഗമായി റോമിലാണ് താരമുള്ളത്.
പ്രത്യേകതയേറെയുള്ള നായകളെയാണ് ലേഡി ഗാഗ വളര്‍ത്തുന്നത്. ഫ്രഞ്ച് ബുള്‍ഡോഗ് ഇനത്തില്പെട്ടവയാണിവ. ആഗോളതലത്തില്‍ വമ്പന്‍ ഡിമാന്റുള്ള ഇനമാണിവ. ഇണചേര്‍ക്കാന്‍ ബുദ്ധിമുട്ടായ ഇത്തരം നായകളെ കൃതിമ ബീജ സങ്കലത്തിലൂടെയാണ് പ്രത്യുല്‍പാദിപ്പിക്കുന്നത്.
ഇവയുടെ ശാരീരിക പ്രകൃതി കാരണം സിസേറിയനിലൂടെയാണ് കുഞ്ഞിനെ പുറത്തേക്കെടുക്കുക. ഗാഗയുടെ നായകളോടുള്ള സ്നേഹം വളരെ പ്രശസ്തമാണ്. അമേരിക്കന്‍ മ്യൂസിക് ഷോകളിലും അവാര്‍ഡ് ഷോകളിലും ഇവര്‍ തന്റെ വളര്‍ത്തുനായകളെ ഒപ്പം കൊണ്ടു പോവാറുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക