ആലുവ: റോഡിലെ വളവിൽ വീശിയെടുത്ത സ്വകാര്യ ബസിൽ നിന്നു പുറത്തേക്കു തെറിച്ചു വീണു യാത്രക്കാരിക്കു പരുക്കേറ്റു. ആലുവ ആദായ നികുതി ഓഫിസിലെ താൽക്കാലിക ശുചീകരണ തൊഴിലാളി തിരുവാലൂർ മണക്കാപ്പറമ്പ് രാധയ്ക്കാണു (52) പരുക്കേറ്റത്. വരാപ്പുഴയിൽ നിന്ന് ആലുവയ്ക്കു വരികയായിരുന്ന സെന്റ് ജോസഫ് ബസിൽ മറിയപ്പടി ഭാഗത്തു വച്ചാണു സംഭവം.
മുകളിലെ കമ്പിയിൽ പിടിച്ചു നിൽക്കുകയായിരുന്ന രാധ പിടിവിട്ടു മുൻവശത്തെ വാതിലിലൂടെ പുറത്തേക്കു തെറിക്കുകയായിരുന്നു. ബസിനു പിന്നാലെ വന്ന കാറുകാരൻ എടുത്ത് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. വീഴ്ചയിൽ താഴത്തെ നിരയിലെ അണപ്പല്ലു കൊഴിഞ്ഞു മറ്റു പല്ലുകളും ഇളകി.
വായ്ക്കുള്ളിൽ 7 തുന്നലുണ്ട്. കൈകാലുകൾക്കും പരുക്കേറ്റു. ബസ് ജീവനക്കാർ പിന്നീട് ആശുപത്രിയിൽ എത്തി 1000 രൂപ അടച്ചുവെന്നു രാധ പറഞ്ഞു. അവർ പോയിക്കഴിഞ്ഞപ്പോൾ രാധയെ ആശുപത്രി അധികൃതർ ഡിസ്ചാർജ് ചെയ്തു. പല്ലിനു കുഴപ്പമുണ്ടെങ്കിൽ പിന്നീടു വരാൻ പറഞ്ഞാണു വിട്ടത്. രാധ ഇപ്പോൾ വീട്ടിൽ വിശ്രമത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക