കണ്ണൂർ :തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘന പരാതിയുമായി ബന്ധപ്പെട്ട് മേയര്‍ അഡ്വ. ടി ഒ മോഹനന്, കെ കെ രാഗേഷ് എം പി എന്നിവര്‍ക്കും, ചടങ്ങില്‍ പങ്കെടുത്ത ജനപ്രതിനിധികള്‍ക്കും ജില്ലാ ഇലക്ഷന് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് നോട്ടീസ് നല്കി. പെരുമാറ്റച്ചട്ടം നിലനില്‍ക്കെ പരിപാടികള്‍ നടത്തി പത്രമാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിച്ചുവെന്ന പരാതിയിലാണ് നടപടി. മുണ്ടേരി ഗവ ഹയര്‍ സെക്കണ്ടറി സ്കൂള്‍ കെട്ടിട ഉദ്ഘാടനം കെ കെ രാഗേഷ് എം പി നിര്‍വ്വഹിച്ച വാര്‍ത്തയാണ് ഫോട്ടോ സഹിതം പത്രമാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചത്. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യയും പങ്കെടുത്തിരുന്നു.
കോര്പ്പറേഷന് പരിധിയിലെ ചിക്കന്‍ സ്റ്റാളുകളില്‍ നിന്നുള്ള മാലിന്യം മട്ടന്നൂര്‍ റെന്ററിങ്ങ് പ്ലാന്റിലേക്ക് ശേഖരിക്കുന്നതിനുള്ള വാഹനങ്ങളുടെ ഫളാഗ് ഓഫ് കര്‍മം നിര്‍വ്വഹിച്ച വാര്‍ത്ത ഫോട്ടോ സഹിതം പത്രമാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മേയര്‍ അഡ്വ ടി ഒ മോഹനന് നോട്ടീസ് നല്‍കിയത്. നോട്ടീസ് ലഭിച്ചവര്‍ രണ്ട് ദിവസത്തിനകം രേഖാമൂലം വിശദീകരണം നല്‍കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക