തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയതിന് കെ കെ രാഗേഷ് എം പിക്കും കണ്ണൂര്‍ കോര്പ്പറേഷന് മേയര്‍ ടി ഒ മോഹനനും കണ്ണൂര്‍ ജില്ലാ കളക്ടര്‍ നോട്ടീസ് അയച്ചു.
പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിന് ശേഷം സ്കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തതിനാണ് രാഗേഷിന് നോട്ടീസ് അയച്ചത്. മാലിന്യ സംസ്കരണ പ്ലാന്റുമായി ബന്ധപ്പെട്ട പൊതു പരിപാടി നടത്തിയതിനാണ് മേയര്‍ക്ക് നോട്ടിസ് നല്‍കിയത്.
തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് കെ കെ രാഗേഷ് എം പി മുണ്ടേരി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഹൈടെക് ക്ലാസ് മുറികള്‍ ഉദ്ഘാടനം ചെയ്തുവെന്നാണ് കണ്ടെത്തല്‍. മേയര്‍ ടി ഒ മോഹനന് ചിക്കന്‍ സ്റ്റാളുകളില്‍ നിന്ന് മാലിന്യം ശേഖരിക്കുന്നതിനുളള വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് നടത്തിയെന്നും കണ്ടെത്തി.
നോട്ടീസ് ലഭിച്ച് രണ്ട് ദിവസത്തിനകം കാരണം ബോധിപ്പിക്കണമെന്നാണ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ടി വി സുഭാഷിന്റെ നിര്‍ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക