അടൂർ: കാറിൽ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തിൽ റോഡിൽ തെറിച്ചു വീണ ബൈക്ക് യാത്രികരെ അടൂർ ജനറൽ ആശുപത്രിയിൽ എത്തിക്കാൻ കൈകാണിച്ചിട്ടും ഒരു വാഹനവും നിർത്തിയില്ല. ഒടുവിൽ കെഎസ്ആർടിസി ബസ് നിർത്തിയാണ് അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലാക്കിയത്.
തിരുവനന്തപുരത്തു നിന്ന് പത്തനംതിട്ടയിലേക്ക് പോവുകയായിരുന്ന റാന്നി കെഎസ്ആർടിസി ബസിലെ ഡ്രൈവർ വിനോദാണ് ബസ് നിർത്തി അപകടത്തിൽപ്പെട്ട കൊട്ടാരക്കര തൃക്കണ്ണമംഗലം ഗോകുലത്തിൽ വിനായക് (24), ബന്ധു കൊല്ലം മൂന്നാംകുറ്റിയിൽ ഗോൾഡൻ അപ്പാർട്ട്മെന്റിൽ ലൈജു (39) എന്നിവരെ ആശുപത്രിയിൽ എത്തിച്ചത്.
ഇവരുടെ പരുക്ക് ഗുരുതരമല്ല. ഇന്നലെ ഉച്ചയ്ക്ക് 12ന് വടക്കടത്തുകാവ് കല്ലിരിക്കൽ പാലത്തിനു സമീപത്തായിരുന്നു അപകടം. പന്തളത്തു നിന്ന് കൊട്ടാരക്കരയിലേക്ക് പോയ ബൈക്ക് ഇതേ ദിശയിൽ സഞ്ചരിച്ചിരുന്ന കാറിലാണ് ഇടിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക