Home ASSEMBLY ELECTION പാർട്ടിക്കായി അലഞ്ഞ വനിതകളെ തള്ളി; അപമാനിതയാവുന്നതിനും നല്ലത് രാജി: ലതിക സുഭാഷ്

പാർട്ടിക്കായി അലഞ്ഞ വനിതകളെ തള്ളി; അപമാനിതയാവുന്നതിനും നല്ലത് രാജി: ലതിക സുഭാഷ്

സ്ഥാനാർഥിത്വം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് മഹിള കോൺഗ്രസ് അധ്യക്ഷസ്ഥാനം ലളിത സുഭാഷ് രാജിവച്ചു. അഭിമാനത്തോടെ, കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച കോൺഗ്രസിന്റെ സ്ഥാനാർഥിപ്പട്ടിക കേട്ടപ്പോൾ വനിതയെന്ന നിലയിൽ ഏറെ ദുഃഖമുണ്ട്. മഹിളാകോൺഗ്രസ് 20% സീറ്റ് വനിതകൾക്കു നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. 20% നൽകിയില്ലെങ്കിൽപ്പോലും ഒരു ജില്ലയിൽനിന്ന് ഒരാളെന്ന നിലയിൽ 14 വനിതകളെങ്കിലും പട്ടികയിലുണ്ടാകുമെന്നു പ്രതീക്ഷിച്ചു.

പ്രസ്ഥാനത്തിനു വേണ്ടി പതിറ്റാണ്ടുകളായി പണിയെടുക്കുന്ന വനിതകളുണ്ട്. തിരുവനന്തപുരത്ത് മുതിർന്ന നേതാവ് കെപിസിസി സെക്രട്ടറി രമണി പി.നായർ ഉൾപ്പെടെ തഴയപ്പെട്ടു. ‌എന്നും പാർട്ടിക്കു വേണ്ടി പണിയെടുക്കുന്ന, തിരഞ്ഞെടുപ്പിനു വേണ്ടി ഓടി നടന്ന വനിതാ നേതാക്കളെയെല്ലാം വിട്ടുകളഞ്ഞു. പാർട്ടിക്കു വേണ്ടി അലയുന്ന വനിതകളെ ഉൾപ്പെടുത്തിയില്ല എന്നതു സങ്കടകരമാണ്. മുൻ മഹിളാകോൺഗ്രസ് അധ്യക്ഷ ബിന്ദു കൃഷ്ണയ്ക്ക് കൊല്ലത്തു പേര് ഉറപ്പിക്കുന്നതിനു വേണ്ടി ഇന്നലെ കണ്ണീരണിയേണ്ടി വന്നു. കായംകുളത്ത് അരിതയ്ക്കും അരൂരിൽ ഷാനി മോൾക്കും അവസരം ലഭിച്ചതിൽ സന്തോഷമുണ്ട്.

ഞാൻ ഏറ്റുമാനൂർ സീറ്റ് ആഗ്രഹിച്ചിരുന്നു. 16 വയസ്സു മുതൽ ഈ പാർട്ടിക്കൊപ്പം നിന്നയാളാണ്. ഇന്ന് എംഎൽഎമാരായിരിക്കുന്ന പലരേക്കാളും അധികകാലം കോൺഗ്രസിനെ സേവിച്ചിട്ടുണ്ട്. കഴിഞ്ഞ 20 വർഷമായി ഓരോ തിരഞ്ഞെടുപ്പിലും എന്റെ പേര് വന്നു പോവാറുള്ളതാണ്. പക്ഷേ പട്ടിക വരുമ്പോൾ എന്റെ പേര് കാണാറില്ല. അപ്പോഴും പാർട്ടിക്കു വേണ്ടി നിസ്വാർഥമായി ജോലിയെടുത്തിരുന്നു. ‌ഒരു വിവാഹിതയായ സ്ത്രീ ആഗ്രഹിക്കാത്ത താലിയെ വരെ ചോദ്യം ചെയ്യുന്ന കമന്റുകൾ ഒരിക്കൽ ഒരു വിവാദത്തിന്റെ പേരിൽ വന്നിരുന്നു. പാർട്ടിക്കു വേണ്ടി അതും നേരിടേണ്ടി വന്നു.

ഏറ്റുമാനൂരിൽ കൈപ്പത്തി അടയാളത്തിൽ കോൺഗ്രസ് മത്സരിക്കാൻ ആഗ്രഹിച്ചിരുന്നതാണ്. എനിക്കും ആഗ്രഹമുണ്ടായിരുന്നു മത്സരിക്കാൻ. ആറു വയസ്സു മുതൽ ഉമ്മൻചാണ്ടിയെ കണ്ടാണു പഠിച്ചത്. 24–ാം വയസ്സു മുതൽ രമേശ് ചെന്നിത്തലയുടെ പേര് ആവേശത്തോടെ പറയുന്ന ആളാണ്. നേതാക്കളോടെല്ലാം പറഞ്ഞതാണ് ഏറ്റുമാനൂർ സീറ്റ് പിടിക്കണമെന്ന്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് കഴിയട്ടെ, ഏറ്റുമാനൂർ സീറ്റ് കിട്ടുമോയെന്നു നോക്കാമെന്നാണു പറഞ്ഞത്. പിന്നീടെന്തു സംഭവിച്ചെന്നറിയില്ലെന്നും ലതിക സുഭാഷ് പറഞ്ഞു.

Also Read :   എംബസിക്ക് മുന്നിലെ ഖലിസ്ഥാൻ പ്രതിഷേധം; കാനഡ ഹൈക്കമ്മിഷണറെ വിളിച്ച് പ്രതിഷേധമറിയിച്ച് ഇന്ത്യ