ഫഹദ് ഫാസില്‍ ചിത്രം ഇരുള് റിലീസിന് ഒരുങ്ങുന്നു. ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ നെറ്റ്ഫ്ളിക്സിലൂടെ ഏപ്രില്‍ 2നാണ് ചിത്രം റിലീസ് ചെയ്യുന്നത്. നിര്‍മ്മാതാവ് ആന്റോ ജോസഫ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് റിലീസ് വിശേഷം പങ്കുവെച്ചത്. ചിത്രത്തിന്റെ ട്രെയിലറും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നതാണ് ചിത്രത്തിന്റെ ട്രെയിലര്‍. ഫഹദ്, സൗബിന് എന്നിവരുടെ കഥാപാത്രങ്ങള്‍ തമ്മില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടത്തിയ കൊലപാതകങ്ങള്‍ ആസ്പദമാക്കി എഴുതിയ ഒരു നോവലിനെക്കുറിച്ച് സംസാരിക്കുന്നിടത്താണ് ട്രെയിലര്‍ ആരംഭിക്കുന്നത്.
‘ഇരുളി’ല്‍ ആകെയുണ്ടാകുക മുന്ന് കഥാപാത്രങ്ങള്‍ മാത്രമെന്ന് സംവിധായകന് നസീഫ് യൂസുഫ് ഇസുദ്ദിന്‍ നേരത്തെ പറഞ്ഞിരുന്നു. ഫഹദ് ഫാസിലിന് പുറമെ സൗബിന് ഷാഹിര്‍, ദര്‍ശന രാജേന്ദ്രന് എന്നിവരടക്കം മൂന്ന് കഥാപാത്രങ്ങള്‍ മാത്രമാണ് ചിത്രത്തിലുണ്ടാകുക.
ആന്റോ ജോസഫ് ഫിലിം കമ്പനിയുടെയും പ്ലാന്‍ ജെ സ്റ്റുഡിയോസിന്റെയും ബാനറില്‍ ആന്റോ ജോസഫ്, ജോമോന് ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ജോമോന് ടി ജോണ്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം കോവിഡ് കാലത്തു തന്നെ നിയന്ത്രണങ്ങള്‍ പാലിച്ച് പൂര്‍ത്തിയാക്കാനാണ് അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക