മോഹന്‍ലാല്‍ സംവിധായകനാകുന്ന ബറോസിന് ഇന്ന് തുടക്കം കുറിക്കുകയാണ്. ചിത്രത്തിന്റെ പൂജ കൊച്ചിയിലെ നവോദയ സ്റ്റുഡിയോയില്‍ വെച്ചാണ് നടക്കുന്നത്.
ചടങ്ങില്‍ മമ്മൂട്ടി സിനിമയെ കുറിച്ചും മോഹന്‍ലാലിനെ കുറിച്ചും സംസാരിച്ചു. മോഹന്‍ലാലിന് പുതിയ സംരംഭത്തില്‍ എല്ലാവിധ പിന്തുണയും ആശംസകളും താന്‍ അറിയിക്കുന്നു എന്നും മമ്മൂട്ടി പറഞ്ഞു.
മമ്മൂട്ടിയുടെ വാക്കുകള്‍:
‘ഒരു വലിയ സംരംഭത്തിന് സാക്ഷ്യം വഹിക്കുകയാണ് നമ്മള് എല്ലാവരും. മലയാള സിനിമയില്‍ ഒരുപാട് നടന്മാര് സംവിധായകര്‍ ആയിട്ടുണ്ട്. അവസാനം വന്നത് പൃഥ്വിരാജാണ്. ഇപ്പോ അരയും തലയും മുറുക്കി മോഹന്‍ലാലും ഇറങ്ങിയിരിക്കുകയാണ് സംവിധാനത്തിന്.
എന്തായാലും അദ്ദേഹത്തിന്റെ ഇത്രയും കാലത്തെ സിനിമ അനുഭവം ഈ സിനിമയ്ക്ക് വലിയൊരു മുതല്‍ക്കൂട്ടായിരിക്കും എന്ന് തന്നെയാണ് നമ്മള് കരുതുന്നത്. 40 വര്‍ഷത്തിലേറെയായി ഞങ്ങള്‍ ഒരുമിച്ച് യാത്ര ചെയ്യുന്നു. സിനിമയുടെ വളര്‍ച്ചയും തകര്‍ച്ചയും കണ്ടും കേട്ടുമെല്ലാമാണ് ഞങ്ങളീ 40 വര്‍ഷം സഞ്ചരിച്ചത്.
ഞങ്ങള്‍ ഒപ്പം അല്ലെങ്കില്‍ ഞങ്ങള്‍ സിനിമയോടൊപ്പമാണ് വളര്‍ന്നത്. ഈ നിമിഷം ഒരു പക്ഷെ മലയാളികള്‍ക്ക് എന്നും അഭിമാനിക്കാനും ആഹ്ളാദിക്കാനും സാധിക്കുന്ന സുന്ദര നിമിഷമാണ്.
ഇത് നമ്മുടെ എല്ലാം പ്രിയങ്കരനായ മോഹന്‍ലാല്‍ സംവിധായകനായി എന്നതിന് അപ്പുറത്തേക്ക്, അദ്ദേഹം സംവിധാനം ചെയ്യാന്‍ പോകുന്നത് ഒരു രാജ്യാന്തര ശ്രദ്ധ നേടാന്‍ പോകുന്ന സിനിമയാണ്. എല്ലാവരിലേക്കും ഒരു പോലെ എത്തിച്ചേരുന്ന ഒരു കലാസൃഷ്ടിയായി ബറോസ് മാറും എന്ന് തന്നെയാണ് നമ്മള് എല്ലാവരും പ്രതീക്ഷിക്കുന്നത്. അങ്ങനെയാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു.
എന്റെ സുഹൃത്തും സഹോദരനും എന്നുള്ളതിന് അപ്പുറത്തേക്ക് വേറെ എന്തോ വൈകാരികമായി ഞങ്ങളെ അടുപ്പിച്ചിട്ടുള്ള ഒരുപാട് ഘടകങ്ങള്‍ ഉണ്ട്. ഈ നിമിഷത്തില്‍ ഞാന്‍ അദ്ദേഹത്തിന് എന്റെ സര്‍വ പിന്തുണയും, ആശംസയും നേരുന്നു.’
പ്രതികരിക്കാൻ ഇവിടെ എഴുതുക