കനി കുസൃതിക്ക് സംസ്ഥാന പുരസ്കാരം നേടി കൊടുത്ത ചിത്രം ബിരിയാണി റിലീസിന് ഒരുങ്ങുന്നു. വെള്ളിയാഴ്ചയാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഈ വേളയിൽ ചിത്രം തിയേറ്ററിൽ നിന്ന് തന്നെ കാണണമെന്ന് ഫേസ്ബുക്കിലൂടെ അപേക്ഷയുമായി അവാർഡ് പടമെന്ന ലേബൽ നൽകി ചിത്രത്തെ അവഗണിക്കരുത് എന്ന അഭ്യർത്ഥനയുമായി എത്തിയിരിക്കുകയാണ് സംവിധായകൻ സജിൻ ബാബു.
അവാർഡുകൾ നിരവധി ലഭിച്ചെങ്കിലും ചിത്രം തിയേറ്ററുകൾക്ക് വേണ്ടി ചെയ്തതാണെന്നും അതിനാൽ എല്ലാവരും തിയേറ്ററുകളിൽ തന്നെ കാണണമെന്ന് അദ്ദേഹം പറയുന്നു. സിനിമ കാണാൻ ആദ്യ ദിവസങ്ങളിൽ ആളുകൾ ഇല്ലാത്തപക്ഷം സിനിമ തുടർന്നുള്ള ദിവസങ്ങളിൽ പ്രദർശനം ഉണ്ടാവുകയുള്ളു എന്നും അദ്ദേഹം പറഞ്ഞു.
സജിൻ ബാബുവിന്റെ വാക്കുകൾ
ദേശീയ,സംസ്ഥാന,അന്തർദേശീയ, തലത്തിൽ നിരവധി അവാർഡുകൾ കരസ്ഥമാക്കിയ ഞങ്ങളുടെ സിനിമ ‘ബിരിയാണി’ നാളെ വെള്ളിയാഴ്ച ( 26 മാർച്ച്) തിയേറ്ററുകളിലേക്ക് എത്തുകയാണ്. അവാർഡുകൾ നേടിയെങ്കിലും സാധാരണ പ്രേക്ഷകരിലേക്ക് എത്തുക എന്ന ഉദ്ദേശത്തോടെ തന്നെയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.
ആർക്കും മനസിലാക്കാനും ആസ്വദിക്കാനും കഴിയുന്ന തരത്തിലും പേസിലുമാണ് ഈ ചിത്രം മുന്നോട്ടു പോകുന്നതും. അതു കൊണ്ടു തന്നെ ഒരു ‘അവാർഡ് പടം’ എന്ന് ചിന്തിച്ചു ഈ സിനിമയെ മാറ്റി നിർത്തരുത്.
താരങ്ങൾ ഇല്ലാത്ത സിനിമ ആയതിനാൽ വളരെ കുറച്ച് തിയേറ്ററുകളിൽ മാത്രമാണ് ഈ ചിത്രം എത്തുന്നത്. സിനിമ കാണുന്നതിനായി ആദ്യ ദിവസം തന്നെ നിങ്ങൾ തിയേറ്ററുകളിൽ എത്തിയാൽ മാത്രമേ തുടർന്നുള്ള ദിവസങ്ങളിലും ചിത്രത്തിന്റെ പ്രദർശനം ഉണ്ടാവുകയുള്ളൂ.
എല്ലാവരും കഴിയുന്നതും ആദ്യ ദിവസം തന്നെ ചിത്രം കാണണമെന്നും , നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കണമെന്നും അഭ്യർത്ഥിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക