ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട 5ജി സ്മാർട്ട്ഫോണാണ് എംഐ 10ഐ എന്ന് ഷവോമി. ഐഡിസി ഇന്ത്യ പ്രതിമാസ സ്മാർട്ട്ഫോൺ ട്രാക്കറിന്റെ റിപ്പോർട്ട് ഉദ്ധരിച്ചാണ് ഷവോമിയുടെ അവകാശവാദം.
എംഐ 10, എംഐ 10 പ്രോ എന്നിവയുടെ വില കുറഞ്ഞ വേരിയന്റായി ജനുവരിയിൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച എംഐ 10ഐ വൻതോതിൽ രാജ്യത്ത് വിറ്റഴിഞ്ഞു. ഇന്ത്യൻ ഉപയോക്താക്കൾക്ക് വേണ്ടി പ്രത്യേകം പുറത്തിറക്കിയ ഡിവൈസാണ് എംഐ 10ഐ എന്ന് ഷവോമി അറിയിച്ചു.
108 മെഗാപിക്സൽ പ്രൈമറി സെൻസറുള്ള ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് എംഐ 10ഐ സ്മാർട്ട്ഫോണിന്റെ സവിശേഷത. നവംബറിൽ ചൈനയിൽ ലോഞ്ച് ചെയ്ത റെഡ്മി നോട്ട് 9 പ്രോ 5ജി സ്മാർട്ട്ഫോണിന്റെ അതേ സവിശേഷതകളാണ് എംഐ 10ഐയിൽ ഉള്ളത്.
രാജ്യത്തെ ഒന്നാം നമ്പർ 5ജി ഫോണായി എംഐ10ഐ മാറിയെന്ന കാര്യം ഷവോമി ട്വിറ്റർ വഴിയാണ് പുറത്ത് വിട്ടിരിക്കുന്നത്. 2021 ജനുവരിയിൽ രേഖപ്പെടുത്തിയ കയറ്റുമതിയെ അടിസ്ഥാനമാക്കിയാണ് സ്മാർട്ട്ഫോൺ ഒന്നാം സ്ഥാനം നേടിയതെന്ന് ഗാഡ്ജെറ്റുകൾ 360 റിപ്പോർട്ട് ചെയ്തു.
മാർക്കറ്റ് റിസർച്ച് സ്ഥാപനം പുറത്ത് വിട്ട റിപ്പോർട്ടിൽ എംഐ 10ഐയുടെ എത്ര യൂണിറ്റുകളാണ് രാജ്യത്ത് വിറ്റഴിച്ചത് എന്ന കാര്യമോ ഈ പട്ടികയിൽ രണ്ടാമത്തെയും മൂന്നാമത്തെയും ഡിവൈസുകൾ ഏതൊക്കെയാണ് എന്ന കാര്യമോ വെളിപ്പെടുത്തിയിട്ടില്ല.
ഈ ഡിവൈസിന്റെ 6 ജിബി റാം + 64 ജിബി സ്റ്റോറേജ് കോൺഫിഗറേഷന് 20,999 രൂപയാണ് ഇന്ത്യയിൽ വില. ഡിവൈസിന്റെ 6 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 21,999 രൂപയാണ് വില. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 23,999 രൂപയാണ് വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക