രക്തസമ്മർദം അഥവാ ബിപി എന്നത് ആളുകൾക്കിടയിൽ വളരെ ശ്രദ്ധയമായി കേൾക്കുന്ന ഒരു രോഗാവസ്ഥയാണ്. ഇതിന്റെ തീവ്രത വ്യക്തമാക്കുന്നത് എന്താണെന്ന് വെച്ചാൽ വർഷം ഏകദേശം ഒരുകോടി പേരുടെ മരണത്തിന് ബിപി കാരണമാകുന്നുണ്ട് എന്നതാണ്. ഇന്ന് 50 വയസ്സിനു മുകളിൽ പ്രായമായവരിൽ ഭൂരിഭാഗവും ബിപി മരുന്ന് കഴിക്കുന്നവരാണ്. തുടക്കത്തിൽ പ്രത്യേകിച്ച് ലക്ഷണങ്ങളൊന്നും കാണിക്കാത്ത രക്തസമ്മർദം ശരിക്കും ഒരു നിശബ്ദ കൊലയാളിയാണ്.
ബിപി വളരെ കൂടുമ്പോൾ തലവേദന, കാഴ്ച മങ്ങൽ, നടക്കുമ്പോഴോ ആയാസമുള്ള പ്രവൃത്തികൾ ചെയ്യുമ്പോഴേ ഉള്ള കിതപ്പ്, നെഞ്ചിടിപ്പ് തുടങ്ങിയ ലക്ഷണങ്ങൾ കാണാം. രണ്ടോ അതിലധികമോ പ്രാവശ്യം പരിശോധന നടത്തുമ്പോഴും ബിപി കൂടുതലാണെന്നു കണ്ടാൽ ഹൈപ്പർ ടെൻഷൻ ഉണ്ടോയെന്നു നിർണയിക്കണം. ബിപി ഗുരുതരമായാൽ ശരീരത്തിന്റെ പ്രധാന അവയവങ്ങളായ ഹൃദയം, വൃക്ക, തലച്ചോറ്, കണ്ണ് തുടങ്ങിയവയുടെ പ്രവർത്തനത്തെ ബാധിക്കും. ഈ അവയവങ്ങൾക്ക് സ്ഥായിയായ നാശം സംഭവിക്കാം. ഹാർട്ട് അറ്റാക്ക്, ഹാർട്ട് ഫെയിലിയർ, സ്ട്രോക്ക്, വൃക്കസ്തംഭനം, ഹൈപ്പർ ടെൻസീവ് റെറ്റിനോപ്പതി തുടങ്ങിയ ഗുരുതര പ്രത്യാഘാതങ്ങൾക്ക് ഉയർന്ന രക്തസമ്മർദം വഴിതുറക്കാം.
ബിപി കുറയുന്ന അവസ്ഥ (ഹൈപ്പോടെൻഷൻ) ഉയരുന്നതുപോലെ അത്ര സാധാരണമല്ല. എഴുന്നേൽക്കുമ്പോൾ കണ്ണിൽ ഇരുട്ട് കയറുക, ബാലൻസ് കിട്ടാതെ വീഴാൻ പോകുക, ക്ഷീണം തുടങ്ങിയവയാണ് ബിപി കുറയുന്നതിന്റെ ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ കിടക്കുകയോ ഇരിക്കുകയോ ചെയ്യുക. കാലിന്റെ ഭാഗം ഉയർത്തി വയ്ക്കുന്നത് ബിപി കൂടാൻ സഹായിക്കും. ഉപ്പു ചേർത്ത വെള്ളവും കുടിക്കാം. അണുബാധ, സെപ്സിസ്, ഹൃദയസ്തംഭനം തുടങ്ങിയ അസുഖങ്ങളുടെ ഭാഗമായി ബിപി കുറയുന്നത് വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കുകയും പെട്ടെന്നുള്ള വൃക്കസ്തംഭനത്തിനു കാരണമാകുകയും ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക