Home CLASSIFIEDS ഇന്ന് ഐശ്വര്യത്തിന്റെയും സമൃദ്ധിയുടേയും വിഷു; എല്ലാ വായനക്കാർക്കും റിയൽ ന്യൂസ് കേരളയുടെ വിഷു ആശംസകൾ

ഇന്ന് ഐശ്വര്യത്തിന്റെയും സമൃദ്ധിയുടേയും വിഷു; എല്ലാ വായനക്കാർക്കും റിയൽ ന്യൂസ് കേരളയുടെ വിഷു ആശംസകൾ

ഇന്ന് ഐശ്വര്യത്തിന്റെയും സമൃദ്ധിയുടേയും വിഷു. കൊറോണയുടെ പശ്ചാതലത്തിൽ ആഘോഷങ്ങളുടെ പൊലിമ ഇത്തിരി കുറഞ്ഞാലും വിഷുപ്പുലരിയില്‍ വിഷുക്കണി കണ്ട് ഒരു വര്‍ഷം മുഴുവന്‍ ഐശ്വര്യത്തിലേക്കും സമ്പല്‍സമൃദ്ധിയിലേക്കും കണ്‍തുറക്കാനാണ് ഓരോ മലയാളിയും ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ ഐശ്വര്യപൂര്‍ണമായ വിഷുവിനെ നമുക്കെല്ലാം വരവേല്‍ക്കാം.

കണിക്കൊന്നയും കണിവെള്ളരിയും, തെളിഞ്ഞ നിലവിളക്കും ചേരുന്ന സമൃദ്ധിയുടെ മഞ്ഞ നിറം പകര്‍ന്നാണ് ഓരോ വിഷുക്കാലവും കടന്നു പോകുന്നത്. മലയാള മാസം മേടം ഒന്നിന് മലയാളികള്‍ എവിടെയായാലും വിഷു വളരെ മികച്ച രീതിയില്‍ തന്നെ ആഘോഷിയ്ക്കാറുണ്ട്.

വിഷു വസന്തകാലത്തിന്‍റെ ആരംഭത്തെ പ്രതീകപ്പെടുത്തുന്നു. കേരളത്തിൽ കൊയ്ത്തുത്സവമായും ജ്യോതിഷ പുതുവത്സരമായും വിഷു കണക്കാക്കപ്പെടുന്നുണ്ട്. മേട രാശിയിലേക്കുള്ള സൂര്യന്‍റെ ചലനത്തെ വിഷു സൂചിപ്പിക്കുന്നു, കൃഷിക്കാർ ഭൂമിയെ ഉഴുതു മറിച്ച് കൃഷിയില്‍ നൂറുമേനി വിളയിക്കാനുള്ള തയ്യാറെടുപ്പ് നടത്തുന്നതും വിഷുക്കാലത്താണ്.

വിഷുവിന്റെ പ്രാധാന്യം:

സംസ്‌കൃതത്തിൽ വിഷു എന്നാൽ തുല്യം അല്ലെങ്കില്‍ സമം എന്നാണ് അർത്ഥമാക്കുന്നത്, അതായത് വിഷു ദിവസം പകലും രാത്രിയും തുല്യ മണിക്കൂറുകള്‍ പങ്കിടും എന്നര്‍ത്ഥം. വിഷു ദിനത്തില്‍ കൂടുതല്‍ ആരാധിക്കപ്പെടുന്നത് കൃഷ്ണനാണ്. കണിക്കൊന്നയും കണ്ണനും തമ്മിലുള്ള ബന്ധം വിഷു ദിനത്തില്‍ ഒരുക്കുന്ന വിഷുക്കണിയില്‍ കാണാന്‍ കഴിയും. മഞ്ഞ പട്ടുടുത്ത കണ്ണനും മഞ്ഞയുടെ വസന്തമായ കണിക്കൊന്നയും മനോഹാരിത പകരും.

ഐതിഹ്യം:

വിഷു ആഘോഷവുമായി ബന്ധപ്പെട്ട നിരവധി പുരാണ കഥകൾ കേള്‍ക്കാറുണ്ട്. ഒരു കഥ അനുസരിച്ച് ശ്രീകൃഷ്ണൻ നരകാസുരനെ കൊന്ന ദിവസമാണ് വിഷു. അതിനാല്‍ എത്ര ചെറിയ വിഷുക്കണി ഒരുക്കിയാലും അതില്‍ കൃഷ്ണ വിഗ്രഹം ഉണ്ടാകുമെന്ന് തീര്‍ച്ച. മറ്റൊരു വിശ്വാസമനുസരിച്ച് സൂര്യദേവന്റെ മടങ്ങിവരവായാണ് വിഷു ആഘോഷിക്കുന്നത്.

വിഷുക്കണി:

വിഷുവിന്‍റെ തലേദിവസം രാത്രിയാണ് വിഷുക്കണി ഒരുക്കുന്നത്. വീട്ടിലെ പ്രായമുള്ള സ്ത്രീയാണ് വിഷുക്കണി ഒരുക്കാന്‍ നേതൃത്വം നല്‍കുക. ശ്രീകൃഷ്ണ വിഗ്രഹത്തിന് മുന്‍പിലോ പ്രാര്‍ത്ഥനാ മുറിയിലോ ആണ് കണി ഒരുക്കുന്നത്. മലയാളികള്‍, പ്രത്യേകിച്ച് ഹിന്ദു മത വിശ്വാസികള്‍ ഭാഗ്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായി വിഷു കാണിയെ കണക്കാക്കുന്നു. കണി എന്നാല്‍ രാവിലെ ഉണര്‍ന്ന് ആദ്യം കാണുന്നത് എന്നാണ് അര്‍ഥം. രാവിലെ ശുഭകരമായ കാഴ്ചകള്‍ കാണുന്നത് ആ ദിവസം ധന്യമാക്കുമെന്നാണ് വിശ്വാസം. വിഷുദിവസം നല്ല സമൃദ്ധമായ കണി കണ്ടാല്‍ ആ വര്ഷം മുഴുവനും ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞതാവും എന്ന വിശ്വാസമാണ് വിഷുക്കണി ഒരുക്കുന്നതിന് പിന്നിലെ ഐതിഹ്യം. അതുകൊണ്ട് തന്നെ അടുത്ത വിഷു വരെ അഭിവൃദ്ധി നിലനില്‍ക്കാന്‍ ഏറ്റവും മികച്ച രീതിയില്‍ തന്നെ കണി ഒരുക്കാനായി ഓരോ മലയാളിയും ശ്രദ്ധിക്കാറുണ്ട്.

ഭാഗ്യത്തിന്റെയും സമൃദ്ധിയുടെയും അടയാളമായി കണക്കാക്കുന്ന എല്ലാ പുണ്യവസ്തുക്കളുടെയും കൂടിച്ചേരലാണ് വിഷുക്കണിയില്‍ കാണാന്‍ കഴിയുക. കൃഷ്ണ വിഗ്രഹം, നിലവിളക്ക്, നാളികേരം, അടയ്ക്ക, മഞ്ഞ കണിക്കൊന്ന,അരി, നാരങ്ങ, സ്വർണ്ണം, കണ്‍മഷി, മഞ്ഞ വെള്ളരി,ചക്ക, വാല്‍ക്കണ്ണാടി, രാമായണം, കോട്ടൺ മുണ്ട്, നാണയങ്ങൾ അല്ലെങ്കിൽ കറൻസി നോട്ടുകൾ, ഓട്ടുരുളി എന്നിവ ഉൾപ്പെടുന്നു. ചിലര്‍ കൂടുതല്‍ പഴങ്ങളും പച്ചക്കറികളുമെല്ലാം കണി ഒരുക്കുന്നതിനായി ഉപയോഗിക്കും.

Also Read :   അടച്ചു പൂട്ടിയിട്ടും കാര്യമില്ല; സംസ്ഥാനത്ത് കോവിഡിന്റെ സംഹാര താണ്ഡവം; വീണ്ടും ലോക്ക്ഡൗണിലേക്കോ..???

കണി കാണല്‍:

വിഷു ദിനത്തില്‍ അതിരാവിലെ എഴുന്നേറ്റു കണി കാണുന്നതാണ് രീതി. കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീ ആദ്യം എഴുന്നേറ്റ് തലേ ദിവസം തയ്യാറാക്കി വെച്ച വിഷുക്കണിയ്ക്ക് മുന്‍പിലുള്ള നിലവിളക്ക് തെളിയിക്കും. ഒരു വര്‍ഷത്തെ ഫലം നല്ലതാവാനുള്ള പ്രാര്‍ത്ഥന കഴിഞ്ഞ ശേഷം കുടുംബാംഗങ്ങളില്‍ ഓരോരുത്തരെയായി എഴുന്നേല്‍പ്പിച്ച് കണ്ണ് കൈകള്‍ കൊണ്ട് അടച്ചു പിടിച്ച് വിഷുക്കണിയ്ക്ക് മുന്പിലെത്തിച്ച് കണി കാണിയ്ക്കുന്നതാണ് രീതി. അങ്ങനെ വിഷുദിനം കണ്ണ് തുറക്കുന്നത് തന്നെ നല്ല കാഴ്ചയിലേയ്ക്ക് ആകും.

വിഷുക്കണി കണ്ടതിനുശേഷം വിശുദ്ധ ഗ്രന്ഥമായ രാമായണത്തിൽ നിന്നുള്ള വാക്യങ്ങൾ അല്പ നേരം ചൊല്ലുന്നത് ഒരു പവിത്രമായ പ്രവൃത്തിയായി കണക്കാക്കപ്പെടുന്നു. ഭക്തൻ തുറക്കുന്ന രാമായണത്തിന്റെ ആദ്യ പേജ് വരാനിരിക്കുന്ന വർഷത്തെ ജീവിതത്തിൽ കാര്യമായ സ്വാധീനം ചെലുത്തുമെന്ന് വിശ്വസിക്കുന്നു. ഇതിനു ശേഷം വിഷു സന്തോഷത്തോടെ വരവെല്‍ക്കുന്നതിന്റെ ഭാഗമായി പടക്കം പൊട്ടിക്കുന്നു, ഇത് രാവിലെ മുതൽ രാത്രി വരെ തുടരുന്നു.

വിഷു കൈനീട്ടം:

വിഷുവിന് ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് വിഷുക്കൈനീട്ടം. വിഷു ദിവസം കയ്യില്‍ പണം വന്നു ചേരുന്നത് അടുത്ത വിഷു വരെ ഒരാളിലെയ്ക്കുള്ള പണമൊഴുക്കിനെ സൂചിപ്പിയ്ക്കുന്നു. കുടുംബത്തിലെ മുതിര്‍ന്നവര്‍ പ്രായം കുറഞ്ഞ ആളുകള്‍ക്കാണ് സാധാരണ വിഷുക്കൈനീട്ടം നല്‍കാറുള്ളത്. എന്നാല്‍ പുതിയ കാലത്ത് സ്വന്തമായി വരുമാനമുള്ളവര്‍ മുതിര്‍ന്നവര്‍ക്കും കുഞ്ഞുങ്ങള്‍ക്കും ഒരുപോലെ കൈനീട്ടം നല്‍കാറുണ്ട്.

വിഷു സദ്യ:

വിഷു വിശേഷങ്ങളില്‍ പ്രധാനമാണ് വിഷു സദ്യ. ഓണം ആഘോഷിയ്ക്കുന്നത് പോലെ തന്നെ രുചികരമായ സദ്യ കൂടി വിഷു ആഘോഷത്തിന്റെ ഭാഗമാണ്. രാവിലെ പ്രഭാത ഭക്ഷണമായി ഇഡലി, സാബാര്‍ എന്നിവയോ മറ്റെന്തെങ്കിലും പ്രാതല്‍ വിഭവങ്ങളോ കഴിയ്ക്കാം. തൃശൂര്‍ ഭാഗങ്ങളില്‍ വിഷുക്കട്ട എന്ന വിഭവമാണ് വിഷു ദിനത്തിലെ പ്രഭാത ഭക്ഷണം. അരിപ്പൊടി തേങ്ങാപ്പാല്‍ ചേര്‍ത്ത് തയ്യാറാക്കുന്ന ഈ വിഭവം ശര്‍ക്കര പാനിയോ മത്തനും വന്‍പയറും ചേര്‍ത്ത് തയ്യാറാക്കുന്ന കറിയോ ചേര്‍ത്ത് കഴിയ്ക്കാം. ശേഷം ഉച്ചയ്ക്ക് മുന്പ് തന്നെ വാഴയിലയില്‍ രുചികരമായ സദ്യ കൂടി കഴിയ്ക്കാം.

എല്ലാ വായനക്കാർക്കും റിയൽ ന്യൂസ് കേരളയുടെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ…

https://www.facebook.com/realnewskeralaofficial/videos/778555452800434