ലോക്സഭാ മുന്‍ സ്പീക്കര്‍ സുമിത്രാ മഹാജന് ആദരാജ്ഞലികള്‍ നേര്‍ന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. സുമിത്രാ മഹാജന് മരണപ്പെട്ടുവെന്ന വ്യാജ വാര്‍ത്തയെ തുടര്‍ന്നായിരുന്നു ശശി തരൂര്‍ ട്വിറ്ററിലൂടെ ആദരാജ്ഞലികള്‍ അര്‍പ്പിച്ചത്. എന്നാല്‍ സുമിത്രാ മഹാജന് സുഖമായി ഇരിക്കുന്നുവെന്നും പ്രചരിക്കുന്നത് തെറ്റാണെന്നും ബിജെപി വിശദീകരണം വന്നതോടെ തരൂര്‍ തന്റെ ട്വീറ്റ് പിന്‍വലിച്ച് മാപ്പ് പറയുകയായിരുന്നു.
വ്യാഴാഴ്ച്ച രാത്രി 11 -16 നായിരുന്നു ശശി തരൂരിന്റെ ട്വീറ്റ്. ‘ലോക്സഭാ മുന്‍ സ്പീക്കര്‍ സുമിത്രാ മഹാജന്റെ നിര്യാണം അറിഞ്ഞതില്‍ ദുഃഖമുണ്ട്. അവരുമായി എനിക്കുണ്ടായ മികച്ച നിരവധി ഓര്‍മ്മകളുണ്ട്. അവരുടെ കുടുംബത്തിന് എന്റെ പ്രാര്‍ഥനകള്‍ ഉണ്ടാവും. ഓം ശാന്തി.’ എന്നായിരുന്നു തരൂരിന്റെ ട്വീറ്റ്.
ഒടുവില്‍ ബിജെപി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗിയ തന്നെ സുമിത്രാ മഹാജന്റെ ആരോഗ്യ നില സംബന്ധിച്ച് ട്വിറ്ററില്‍ വിശദീകരണം നല്കി. പൂര്‍ണമായും സുഖമായിരിക്കുന്നുവെന്നാണ് ബിജെപി നേതാവ് ട്വിറ്ററില്‍ കുറിച്ചത്. കേട്ടതില്‍ സന്തോഷമുണ്ടെന്ന് മറുപടി കൊടുത്തുകെണ്ട് ശശി തരൂര്‍ തന്റെ ട്വീറ്റ് പിന്‍വലിച്ച് നന്ദി അറിയിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക