മുംബൈ ശക്തമായി തിരിച്ചു വരുമെന്ന പ്രതീക്ഷ പങ്കുവെച്ച് ടീമിന്റെ സൂപ്പര്‍ ബാറ്റ്സ്മാന് സൂര്യകുമാര്‍ യാദവ്. ഒരു മത്സരത്തില്‍ ഫോമാകേണ്ട പ്രശ്നം മാത്രമാണിതെന്നും ഒരിക്കല്‍ ഫോമിലേക്കെത്തിയാല്‍ പിന്നീട് തിരിഞ്ഞുനോക്കേണ്ട ആവശ്യം വരില്ലെന്നും സൂര്യകുമാര്‍ പറഞ്ഞു.
‘ഒരു മത്സരത്തിലൂടെ മാറി മറിയുന്ന പ്രശ്നം മാത്രമാണ് നിലവിലുള്ളതെന്നാണ് തോന്നുന്നത്. ഓരോ മത്സരത്തിലും ഉത്തരവാദിത്വം ഏറ്റെടുക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്. എന്നാല്‍ ചിലപ്പോള്‍ അത് പ്രാവര്ത്തികമാവുന്നില്ലെന്ന് മാത്രം. കായികത്തില്‍ ഇത് സ്വാഭാവികമാണ്.’
‘ചെന്നൈയിലെ പിച്ചുമായി പൊരുത്തപ്പെടാന്‍ കഴിയാവുന്നതിന്റെ പരമാവധി പരിശീലനം നടത്തുന്നുണ്ട്. എന്നാല്‍ ഇതുവരെ പൂര്‍ണമായും പിച്ചിനോട് പൊരുത്തപ്പെടാന്‍ സാധിച്ചിട്ടില്ല. എന്നിരുന്നാലും ശക്തമായി തിരിച്ചുവരും. കാരണം ഇതുപോലെയുള്ള സാഹചര്യം ഇതിന് മുമ്പ് അതിജീവിച്ചവരാണ് ഞങ്ങള്‍. കരുത്തോടെ തിരിച്ചെത്തിയിട്ടുമുണ്ട്. ഒരു മത്സരത്തില്‍ ഫോമാകേണ്ട പ്രശ്നം മാത്രമാണിത്. ഒരിക്കല്‍ ഫോമിലേക്കെത്തിയാല്‍ പിന്നീട് തിരിഞ്ഞു നോക്കേണ്ട ആവശ്യം വരില്ല’ സൂര്യകുമാര്‍ പറഞ്ഞു.
ഐ.പി.എല്ലില്‍ ഹാട്രിക് കിരീടം ലക്ഷ്യം വെച്ചിറങ്ങിയ മുംബൈ ഇന്ത്യന്‍സിന് കാര്യങ്ങള്‍ കൈവിട്ട് പോയിക്കൊണ്ടിരിക്കുകയാണ്.
അഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ മൂന്നിലും തോറ്റ് പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ് അവര്‍. ഇന്നലെ പഞ്ചാബിനെതിരെ നടന്ന മത്സരവും മുംബൈ ദയനീയമായി തോറ്റു. 9 വിക്കറ്റിനായിരുന്നു മുംബൈയുടെ പരാജയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക