മുംബൈയില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ബാംഗ്ലൂരിനെതിരെ ചെന്നൈ 69 റണ്‍സിന്റെ ആധികാരിക വിജയം നേടിയിരുന്നു. മത്സരത്തില്‍ ചെന്നൈ ഇന്നിംഗ്സിന്റെ 20ാം ഓവറില്‍ രവീന്ദ്ര ജഡേജയുടെ ബാറ്റിംഗ് വെടിക്കെട്ടാണ് ചെന്നൈയ്ക്ക് 191 എന്ന മികച്ച് സ്കോര്‍ സമ്മാനിച്ചത്
. ഹര്‍ഷല്‍ പട്ടേല്‍ എറിഞ്ഞ 20ാം ഓവറില്‍ 37 റണ്‍സാണ് ജഡേജ അടിച്ചെടുത്ത്. ഈ പ്രകടനത്തിന് പിന്നിലെ കാരണം നായകന് എം.എസ് ധോണിയാണെന്ന് ജഡേജ പറഞ്ഞു.
‘വെടിക്കെട്ട് ബാറ്റിംഗിനായിരുന്നു ഞാന്‍ ശ്രമിച്ചത്. വലിയ ഷോട്ടുകള്‍ കളിക്കാനായി ഞാന്‍ കാത്തിരിക്കുകയായിരുന്നു. മഹി ഭായിയാണ് എന്നോട് ഹര്‍ഷല്‍ പട്ടേല്‍ എങ്ങനെ പന്തെറിയുമെന്ന് പറഞ്ഞത്. ഓഫ് സ്റ്റമ്പിന് പുറത്തേക്ക് ഹര്‍ഷല്‍ പന്തെറിയുമെന്ന് ധോണി പറഞ്ഞു. ഭാഗ്യവശാല്‍ ഞാന്‍ കളിച്ച ഷോട്ടുകള്‍ എല്ലാം കണക്ടാവുകയും ചെയ്തു. ഒരു ഓള് റൗണ്ടറെന്ന നിലയില്‍ വളരെ കഠിനമാണ് കാര്യങ്ങള്‍. മൂന്ന് വിഭാഗത്തിലും തിളങ്ങേണ്ടുണ്ട്’ ജഡേജ പറഞ്ഞു.
മത്സരത്തില്‍ 28 പന്തില്‍ നാലു ഫോറും അഞ്ച് സിക്സും സഹിതം 62 റണ്‍സുമായി പുറത്താകാതെ നിന്ന ജഡേജ നാല് ഓവറില്‍ 13 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റും വീഴ്ത്തി. കളിയിലെ താരവും ജഡേജയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക