തിരുവല്ല: തിരുമൂലപുരത്തെ ഇരുവെള്ളിപ്രയില്‍ രാത്രികാലങ്ങളില്‍ കല്ലെറിഞ്ഞു നാട്ടുകാരെ പരിഭ്രാന്തിയിലാക്കിയ പെണ്‍കുട്ടികള്‍ പിടിയിലായി.
നാലുദിവസം രാത്രിയില്‍ കല്ലേറ് നടത്തിയത് പ്രദേശവാസികളും പ്രായപൂര്‍ത്തിയാകാത്തതുമായ സഹോദരിമാരായ രണ്ട് പെണ്‍കുട്ടികളാണ് കഴിഞ്ഞരാത്രിയില്‍ നാട്ടുകാരുടെ ശ്രമഫലമായാണ് ഇവരുടെ കുസൃതി കണ്ടുപിടിച്ചത്.
പൊലീസ് ഉള്‍പ്പെടെ മുപ്പതോളം വരുന്ന നാട്ടുകാര്‍ ഉറക്കമൊഴിഞ്ഞ് രണ്ട് ദിവസം രാത്രി തിരച്ചില്‍ നടത്തിയിട്ടും കല്ലെറിയുന്നവരെ കണ്ടെത്താനായില്ല.
ബുധനാഴ്ച രാത്രിയും വ്യാഴാഴ്ചയും വീടുകള്‍ക്ക് നേരെ ഉള്‍പ്പെടെ കല്ലേറുണ്ടായി. സംഭവം അന്വേഷിക്കാന്‍ വ്യാഴാഴ്ച രാത്രി തിരുവല്ലയില്‍ നിന്നെത്തിയ പൊലീസ് ജീപ്പിന് നേരെയും കല്ല് പാഞ്ഞുവന്നു.
തിരച്ചിലിനെത്തിയ സംഘത്തിലെ ഒരു പൊലീസുകാരനും നാട്ടുകാരില്‍ ചിലര്‍ക്കും ഏറുകിട്ടിയിരുന്നു. എവിടെ നിന്നാണ് ഏറ് വരുന്നതെന്നോ, ആരാണ് എറിയുന്നതെന്നോ അന്ന് കണ്ടെത്താനായിട്ടില്ല.
കഴിഞ്ഞരാത്രിയും സംഭവം ആവര്‍ത്തിച്ചപ്പോള്‍ വാര്‍ഡ് കൗണ്‍സിലര്‍ ഷീജയുടെ നേതൃത്വത്തില്‍ സംശയത്തെത്തുടര്‍ന്ന് പെണ്‍കുട്ടികളുടെ വീടിന് സമീപം ഒളിച്ചിരുന്നു.
വീണ്ടും കല്ലെറിയാന്‍ വീടിന് പുറത്തിറങ്ങിയ പെണ്‍കുട്ടികളെ ഒളിച്ചിരുന്നവര് ചേര്‍ന്ന് പിടികൂടുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കൗണ്‍സലിംഗിന് വിധേയമാകുമെന്ന് തിരുവല്ല സി.ഐ.പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക