മെയ് ഒന്ന് തൊഴിലാളി ദിനമാണെങ്കിലും ഗൂഗിൾ ഡൂഡിൽ കോവിഡ് വാക്സിൻ ബോധവത്കരണത്തിന് വേണ്ടിയാണ് അവതരിപ്പിച്ചിരിക്കുന്നത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ മെയ് ഒന്നിന് ഗൂഗിൾ ഡൂഡിൽ പുതിയ ഗ്രാഫിക് പ്രസിദ്ധീകരിച്ചിരിക്കുകയാണ് ജീവൻ രക്ഷിക്കാൻ വാക്സിനേഷൻ എടുക്കാനും മാസ്ക് ധരിക്കാനും ആളുകളോട് ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശമാണ് ഗൂഗിൾ ഡൂഡിലിൽ കാണാൻ കഴിയുന്നത്.
ശനിയാഴ്ചത്തെ ആനിമേറ്റുചെയ്ത ഗൂഗിൾ ഡൂഡിലിലെ എല്ലാ അക്ഷരങ്ങളും മാസ്ക്കുകൾ ധരിച്ചതായി കാണാം. കോവിഡ് -19 വാക്സിൻ സ്വീകരിച്ചതിന് ശേഷം സന്തോഷിക്കുന്ന അക്ഷരങ്ങളെയാണ് ആനിമേറ്റ് ചെയ്തിരിക്കുന്നത്.
“വാക്സിനേഷൻ എടുക്കൂ. മാസ്ക് ധരിക്കൂ ജീവൻ രക്ഷിക്കൂ” എന്നാണ് ശനിയാഴ്ചത്തെ ഗൂഗിൾ ഡൂഡിൽ ഹോവർ ചെയ്യുമ്പോൾ ദൃശ്യമാകുന്ന സന്ദേശം. നിങ്ങൾ ഗ്രാഫിക്കിൽ ക്ലിക്കുചെയ്യുകയാണെങ്കിൽ, കോവിഡ് വാക്സിനുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഇത് നിങ്ങളെ ഒരു പേജിലേക്ക് നയിക്കും.
അതേസമയം, രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം നാല് ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 4,02,351 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഒമ്പത് ദിവസം കൊണ്ടാണ് പ്രതിദിന കോവിഡ് നിരക്ക് മൂന്ന് ലക്ഷത്തിൽ നിന്ന് നാല് ലക്ഷമായത്. ഏപ്രിൽ മാസത്തിൽ മാത്രം 65 ലക്ഷം കോവിഡ് കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത്. 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 3523 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 32,68,710 ആണ്.
രാജ്യത്ത് സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിക്കണമെന്ന് വിദേശരാജ്യങ്ങളിലുള്ള ആരോഗ്യവിദഗ്ധർ പോലും അഭിപ്രായപ്പെടുന്ന സ്ഥിതിയുമുണ്ട്. അതേസമയം, രാജ്യത്ത് 18 മുതൽ 44 വയസ്സ് വരെയുള്ളവർക്കായുള്ള കോവിഡ് വാക്സിൻ വിതരണം ശനിയാഴ്ച തുടങ്ങും. എന്നാൽ ആവശ്യത്തിന് കോവിഡ് വാക്സിൻ ഇല്ലാത്തതിനാൽ നിരവധി സംസ്ഥാനങ്ങൾ വാക്സീൻ വിതരണം തുടങ്ങാൻ കഴിയില്ലെന്ന നിലപാട് അറിയിച്ചിട്ടുണ്ട്.
ഡൽഹി , ബീഹാർ, ബംഗാൾ, പഞ്ചാബ്, മധ്യപ്രദേശ്, അടക്കമുള്ള സംസ്ഥാനങ്ങളാണ് വാക്സിൻ വിതരണം തുടങ്ങാൻ കഴിയില്ലെന്ന നിലപാട് സ്വീകരിച്ചത്. മഹാരാഷ്ട്രയിൽ പരിമിതമായ വാക്സീൻ ആണ് ഉള്ളതെങ്കിലും വാക്സിനേഷൻ നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.
ഗുജറാത്ത്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലെ ചില ജില്ലകളിലും ഇന്ന് വാക്സീൻ വിതരണം തുടങ്ങും. ഫോർട്ടിസ്, അപ്പോളോ, മാക്സ് എന്നീ സ്വകാര്യ ആശുപത്രികളും ഇന്ന് വാക്സിൻ വിതരണം തുടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക