Home KERALA ചെറുമകളുമൊത്ത് ബാൽക്കണിയിലേക്കു പോയതാണ് അദ്ദേഹം. ജോലിക്കാരി വിളിച്ചതു കേട്ടാണ് ഞാനുണർന്നത്. പുറത്ത് പോയി നോക്കുമ്പോൾ തലയിലൂടെ...

ചെറുമകളുമൊത്ത് ബാൽക്കണിയിലേക്കു പോയതാണ് അദ്ദേഹം. ജോലിക്കാരി വിളിച്ചതു കേട്ടാണ് ഞാനുണർന്നത്. പുറത്ത് പോയി നോക്കുമ്പോൾ തലയിലൂടെ ചോര ഒലിച്ച് കമിഴ്ന്നു കിടക്കുകയായിരുന്നു അദ്ദേഹം, വിളിച്ചപ്പോൾ കൈകൾ ഒന്നനക്കി; പത്മിനിയുടെ കണ്ണിൽ നിന്നും മായാതെ ആ കാഴ്ച: വേദനകളുടെ ഒരു വർഷം

വഴുതക്കാട് രാജീവ് നഗറിലെ പ്ലാമൂട്ടിൽ വീടിന്റെ ഒന്നാം നിലയിൽ കിടപ്പു മുറിയോട് ചേർന്ന ബാൽക്കണിയിലെ തെറ്റിച്ചെടികളെല്ലാം നിറയെ പൂത്തിരിക്കുന്നു. ഗൃഹനാഥനും പ്രമുഖ കായിക താരമാവുയിരുന്ന ജെ.സെൽവൻ അവസാനമായി നട്ടുപിടിപ്പിച്ചവയാണെല്ലാം.

മകൾ ‍ഡയാനയും മരുമകൻ, അത്‌ലിറ്റു കൂടിയായ കെ.ജെ.ക്ലിന്റണും താമസിക്കുന്ന തിരുമലയിലെ വീട്ടിലെ ബാൽക്കണിയിലും ചെടികൾ വളർത്താനുള്ള തയാറെടുപ്പിലായിരുന്നു സെൽവൻ.

ചെറുമകൾക്കൊപ്പം ആ ബാൽക്കണിയിൽ നിന്ന് മാങ്ങകൾ അടർത്താനുള്ള ശ്രമത്തിനിടെയാണ് കാൽതെറ്റി വീണ് സെൽവൻ മരിക്കുന്നത്.

ഞെട്ടിപ്പിക്കുന്ന ആ വിയോഗത്തിന് ഇന്ന് ഒരാണ്ട്. ആ ആഘാതത്തിൽ നിന്ന് സെൽവന്റെ ഭാര്യ, മുൻ രാജ്യാന്തര കായിക താരവും കേരള സ്പോർട്സ് കൗൺസിൽ പ്രസിഡന്റുമായിരുന്ന പത്മിനി സെൽവൻ ഇനിയും മുക്തയായിട്ടില്ല.

റെയിൽവേ ഉദ്യോഗസ്ഥരായിരുന്ന ദമ്പതികൾ വഴുതക്കാട്ട് 1991ൽ വാങ്ങിയ 10 സെന്റ് ഭൂമിയിൽ പണിത വീടിനു ചുറ്റും മരങ്ങളും ചെടികളുമേറെയും നട്ടുവളർത്തിയതും സെൽവനാണ്. ‘രാവിലെയും വൈകിട്ടും ചെടികൾ നനയ്ക്കുന്നത് അദ്ദേഹത്തിന്റെ ശീലമായിരുന്നു. ഇപ്പോൾ അത് ഞാനേറ്റെടുത്തു.

പുലർച്ചെ ഒരുമിച്ച് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ ഒന്നര മണിക്കൂർ വ്യായാമം ആയിരുന്നു മറ്റൊരു ശീലം. അതു മുടക്കരുതെന്നും ഫിറ്റ്നസ് വേണമെന്നും എപ്പോഴും ഉപദേശിച്ചിരുന്നു. അദ്ദേഹം പോയെങ്കിലും ഞാനത് തുടരുന്നുണ്ട്. കൈകൾ വിറയ്ക്കുന്ന ആരോഗ്യ പ്രശ്നം മാത്രമേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ.

ഇതുമായി ബന്ധപ്പെട്ട് ഞങ്ങൾ രണ്ടുപേരും മരുമകനൊപ്പം കുമാരപുരത്തെ ഒരു ഡോക്ടറെ കണ്ട ശേഷം തിരുമലയിലെ വീട്ടിലെത്തിയപ്പോഴായിരുന്നു അപകടം സംഭവിച്ചത്. മകളും മരുമകനും ചെടികൾ നോക്കാൻ നഴ്സറിയിലേക്ക് പോയ നേരത്ത് ചെറുമകളും ഞാനും കൂടി താഴത്തെ മുറിയിൽ കിടപ്പായി.

ഞാനുറങ്ങിപ്പോയി. ചെറുമകളുമൊത്ത് ബാൽക്കണിയിലേക്കു പോയതാണ് അദ്ദേഹം. ജോലിക്കാരി വിളിച്ചതു കേട്ടാണ് ഞാനുണർന്നത്. പുറത്ത് പോയി നോക്കുമ്പോൾ തലയിലൂടെ ചോര ഒലിച്ച് കമിഴ്ന്നു കിടക്കുകയായിരുന്നു അദ്ദേഹം.

വിളിച്ചപ്പോൾ കൈകൾ ഒന്നനക്കി. മരുമകനെത്തി 108 ആംബുലൻസ് വരുത്തി. മെഡിക്കൽ കോളജിലേക്കാണ് ആംബുലൻസ് പോയത്. അവിടെ എത്തി വൈകാതെ മരിച്ചു’–പത്മിനിയുടെ ഓർമകളിൽ നടുക്കം വിട്ടു മാറുന്നില്ല. സെൽവന്റെ ഓർമകൾ നിറയുന്ന വഴുതക്കാട്ടെ വീട്ടിൽ മകൻ ഡാനിക്കും കുടുംബത്തിനുമൊപ്പമാണ് പത്മിനി.

സ്കൂളിൽ പഠിക്കുന്ന കാലത്ത് ജിവി രാജ സ്കൂളിലെ അവധികാല കായിക പരിശീലന ക്യാംപിൽ തുടങ്ങിയ പരിചയമാണ് ട്രാക്കിലെ പ്രണയമായി മാറിയത്. 1983ൽ ആയിരുന്നു വിവാഹം. ദീർഘദൂര ഓട്ടത്തിൽ ദേശീയ തലത്തിൽ നിരവധി മെഡലുകൾ നേടിയ സെൽവൻ റയിൽവേയിൽ ചീഫ് ടിക്കറ്റ് എക്സാമിനറായിട്ടാണ് വിരമിച്ചത്.

പിന്നീട് കനകക്കുന്ന് ബ്രദേഴ്സ് എന്ന പേരിൽ ഹാൻഡ്ബോൾ ടീം രൂപീകരിച്ചിരുന്നു. ഹാൻഡ്ബോൾ, സൈക്ലിങ് അസോസിയേഷനുകളുടെ ഭാരവാഹിയുമായിരുന്നു. റയിൽവേ കുടുംബമാണിവരുടേത്. പത്മിനി ടിക്കറ്റിങ് ചീഫ് സൂപ്പർവൈസറായിട്ടാണു വിരമിച്ചത്. മകളും മരുമകനും ടിടിഐമാരാണ്.

Also Read :   ഓൺലൈനിൽ ഹോട്ടൽ ബുക്ക് ചെയ്യുന്നവരാണോ നിങ്ങൾ? എങ്കിൽ സൂക്ഷിക്കുക, ഗൂഗിളിൽ നിന്ന് നമ്പറെടുക്കാൻ നിൽക്കണ്ട വ്യാജന്മാരുണ്ട്