നടിയും അവതാരകയും എഴുത്തുകാരിയുമായ അശ്വതി ശ്രീകാന്തന്റെ എഫ് ബി പോസ്റ്റുകൾ ശ്രദ്ധിക്കപ്പെടാറുണ്ട്. സിനിമയിലും സമൂഹത്തിലും നടക്കുന്ന പ്രശ്നങ്ങൾക്കെതിരെയുള്ള അശ്വതിയുടെ നിരീക്ഷണങ്ങൾ സമൂഹ മാധ്യമത്തിൽ ചർച്ചയാകാറുണ്ട്. ഇപ്പോഴിതാ മാതൃദിനത്തിൽ പൊതുബോധ്യങ്ങളെക്കുറിച്ച് ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് അശ്വതി.
അശ്വതിയുടെ വാക്കുകൾ:
എനിക്ക് വിശക്കുന്നില്ലെന്നും ഇപ്പൊ ഭക്ഷണം വേണ്ടാന്നും വാശി പിടിച്ച് ഒരു കൊച്ച്…
ന്നാ വിശക്കുമ്പോൾ പറഞ്ഞാ മതി, എനിക്ക് വിശന്നിട്ട് തല ചുറ്റുന്നെന്ന് പറഞ്ഞ് പ്ലേറ്റ് എടുക്കുന്നൊരു അമ്മ… ‘കുഞ്ഞു കഴിക്കുന്നേനു മുൻപ് എങ്ങനെ ഒരു അമ്മയ്ക്ക് കഴിക്കാൻ തോന്നുന്നു…കലികാലം’ എന്ന് ഡൈനിങ് ടേബിളിൽ നിന്ന് ദാ ഒരു ഡയലോഗ് !! അമ്മമാർക്കും വിശക്കില്ലേ, അമ്മ എഴുനേറ്റ് നടന്നാൽ അല്ലേ കുഞ്ഞിനെ പോലും നോക്കാൻ പറ്റൂ എന്നൊക്കെ ചോദിക്കണം എന്നുണ്ട്… പക്ഷേ മറുപടി തൊണ്ടയിൽ തടഞ്ഞു, കണ്ണ് നിറഞ്ഞിട്ട് മുന്നിൽ ഇരുന്ന ഭക്ഷണം കാണാൻ തന്നെ പറ്റുന്നുണ്ടായിരുന്നില്ല…! അതുകൊണ്ട് തന്നെ പൊതുബോധത്തിലെ ഈ മാറ്റങ്ങൾ കാണുമ്പോൾ സന്തോഷം ഉണ്ട്.
മാതൃദിനത്തോട് അനുബന്ധിച്ച് വനിതാ ശിശു ക്ഷേമ വകുപ്പ് പുറത്തിറക്കിയ പോസ്റ്റും അശ്വതി പങ്കുവെച്ചിട്ടുണ്ട്. മറ്റുള്ളവരെപ്പോലെ സ്നേഹവും ക്ഷീണവും സ്നേഹവും ദേഷ്യവും എല്ലാമുള്ള ഒരു സാധാരണ വ്യക്തിയാണ് അമ്മയെന്ന് ഓര്‍മ്മിപ്പിക്കുന്നതാണ് വനിതാ ശിശുക്ഷേമവകുപ്പിന്റെ പോസ്റ്റ്.
പ്രതീക്ഷകളുടെ ഭാരമേല്പ്പിക്കുന്നതിനുപകരം അമ്മമാരും സാധാരണ മനുഷ്യരാണ് എന്ന് ഓര്‍ത്തുകൊണ്ട് അവരെ അവരായിത്തന്നെ അംഗീകരിക്കുകയാണ് വേണ്ടത് എന്ന സന്ദേശവും വനിതാ ശിശുക്ഷേമവകുപ്പ് പങ്കുവെക്കുന്നു.
ഒരു അമ്മ എങ്ങനെയൊക്കെ ആയിരിക്കണം എന്ന രീതിയിലുള്ള പ്രതീക്ഷകളും മുന്‍വിധികളും നമുക്ക് വേണ്ട. ഓരോ അമ്മയ്ക്കും അവരവരുടേതായ വ്യക്തിത്വമുണ്ട് എന്ന കാര്യം നാം അംഗീകരിക്കുകയാണ് വേണ്ടതെന്നും വനിതാ ശിശുക്ഷേമ വകുപ്പ് മാതൃദിനാശംസയിലൂടെ ഓര്‍മ്മിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക