സംസ്ഥാനത്ത് 7 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുളളത്. അറബിക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദം നാളെയോടെ ചുഴലിക്കാറ്റായി രൂപപ്പെടാനുള്ള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. കൊല്ലം മുതൽ തൃശ്ശൂർ വരെയുള്ള 6 ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ആഴക്കടലിൽ മീൻ പിടിക്കാൻ പോയവർ നാളെയോടെ സുരക്ഷിത സ്ഥാനത്തെത്താൻ നിർദ്ദേശമുണ്ട്. കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കും ഏർപ്പെടുത്തി. തീരപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ദുരന്തനിവാരവകുപ്പ് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.
കടൽ പ്രക്ഷുബ്ധമാണ്. മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. ഇടിമിന്നലിനും സാധ്യതയുണ്ട്. കൊവിഡ് ഭീഷണിക്കിടെയാണ് കനത്ത മഴയും വരുന്നത്. തെക്കൻ ജില്ലകളിൽ മിനിഞ്ഞാന്ന് അതിശക്തമായ മഴയാണ് പെയ്തത്. തലസ്ഥാന നഗരത്തിൽ മിനിഞ്ഞാന്ന് പെയ്തത് 142 മില്ലീ മീറ്റർ മഴ.
പ്രതികരിക്കാൻ ഇവിടെ എഴുതുക