തിരുവനന്തപുരം: അറബിക്കടലിൽ ന്യൂനമർദ്ദം രൂപം കൊണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി . അടുത്ത 24 മണിക്കൂറിൽ ശക്തി പ്രാപിക്കും. ലക്ഷദ്വീപ് മേഖലയിൽ ശനിയാഴ്ച രാവിലെയോടെ തീവ്ര ന്യൂനമർദ്ദമാകുമെന്നാണ് മുന്നറിയിപ്പ്. ഞായറാഴ്ചയോടെ ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. സംസ്ഥാനത്ത് ഇന്ന് മുതൽ 17 വരെ ജാഗ്രതാ നിർദ്ദേശം പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് 7 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുളളത്.
കൊല്ലം മുതൽ തൃശ്ശൂർ വരെയുള്ള 6 ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ ഇന്ന് മുതൽ 17 വരെ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. തീരദേശ മേഖലയിൽ പ്രത്യേക ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്. ആലപ്പുഴ, ചെല്ലാനം, കൊയിലാണ്ടി, കാപ്പാട് എന്നിവിടങ്ങളിൽ കടൽക്ഷോഭം രൂക്ഷമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക