മോദിയുടെ ടിവി പ്രസംഗങ്ങൾ കേൾക്കാൻ സമയമില്ലെന്ന് പുതിയ സ്റ്റാലിൻ മന്ത്രിസഭയിലെ ധനകാര്യമന്ത്രിയായി നിയമിക്കപ്പെട്ട പളനിവേൽ ത്യാഗരാജൻ. രാജ്യത്തെ എല്ലാവരോടുമായി പ്രധാനമന്ത്രി സംസാരിക്കുന്നത് ഹിന്ദിയിലാണ്. ഹിന്ദി അറിയാത്ത മറ്റ് സംസ്ഥാനങ്ങളിലെ ആളുകൾക്ക് അത് എങ്ങനെ മനസിലാക്കാനാകുമെന്നും അദ്ദേഹം ചോദിച്ചു.
ഇത് എല്ലാവരേയും ഉദ്ദേശിച്ചുകൊണ്ടുള്ളതാണെങ്കിൽ പ്രധാനമന്ത്രി പറയുന്നത് പരിഭാഷപ്പെടുത്താനുള്ള സൗകര്യങ്ങൾ വേണമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ജനങ്ങളിലേക്കും കൊവിഡ് സംബന്ധിയായ വിവരങ്ങൾ എത്തിക്കാൻ ഇന്നത്തെ കാലത്ത് ഇതിലും ഫലപ്രദമായ ഒട്ടേറെ മാർഗങ്ങൾ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദി പ്രിന്റ് മാധ്യമത്തിന്റെ സീനിയർ എഡിറ്ററിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശങ്ങൾ.
നരേന്ദ്രമോദിയുടെ ടെലിവിഷൻ പ്രസംഗങ്ങളുടെ താങ്കൾ എങ്ങനെ നോക്കിക്കാണുന്നുവെന്ന മാധ്യമപ്രവർത്തകയുടെ ചോദ്യത്തിന് മറുപടിയായാണ് തനിക്ക് മറ്റനേകം കാര്യങ്ങൾ ചെയ്യാനുണ്ടെന്ന് പളനിവേൽ ത്യാഗരാജൻ പ്രതികരിച്ചത്. ഇന്ത്യയിലെ മരണനിരക്ക് സൂചിപ്പിക്കുന്നത് കേന്ദ്രത്തിന്റെ കൊവിഡ് പ്രതിരോധത്തിന്റെ പരാജയം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. ദൈവസഹായം കൊണ്ട് തമിഴ്നാട്ടിൽ കാര്യങ്ങൾ ഉത്തരേന്ത്യയിലെ അത്രയും മോശമായിട്ടില്ലെന്നും അദ്ദേഹം വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക