ഇസ്രായേൽ നടത്തുന്ന ആക്രമണത്തിൽ പാലസ്തീൻ ജനതയ്ക്ക് പിന്തുണ അറിയിച്ച് നടൻ അനീഷ് ജി മേനോൻ. ഫേസ്ബുക്കിലൂടെ കുറച്ച് വർഷങ്ങൾക്ക് മുൻപ് പങ്കുവെച്ച ഒരു ചിത്രം വീണ്ടും പങ്കുവെച്ചുകൊണ്ടാണ് നടൻ പാലസ്തീനുള്ള പിന്തുണ അറിയിക്കുന്നത്.
അന്ന് തനിക്കെതിരെ ഭീഷണി മുഴക്കി നിരവധിപേർ വന്നിരുന്നു എന്നും പിഞ്ചുകുഞ്ഞിങ്ങൾ കത്തിയമരുന്നത് കണ്ട വേദനയിലാണ് താൻ അന്ന് പോസ്റ്റ് ഇട്ടതെന്നും നടൻ പറഞ്ഞു. എന്നാൽ ഇന്ന് താൻ പറയുന്നത് തന്റെ നിലപാടാണ് എന്നും നടൻ കൂട്ടിച്ചേർത്തു.
(യുദ്ധങ്ങൾ ഇല്ലാതാകട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട്..) കുറച്ച് വർഷങ്ങൾക്ക് മുൻപ് ഇവിടെ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോയാണ് ഇത്.. അനുകൂലിച്ചവരും പ്രതികൂലിച്ചവരും നിരവധിയായിരുന്നു. “വമ്പിച്ച ഭീഷിണികൾ” വരെ ഉണ്ടായിരുന്നു..
രാഷ്ട്രമോ രാഷ്ട്രീയമോ അതിർത്തിയോ അതിർവരുമ്പുകളോ അറിയാത്ത പിഞ്ചുകുഞ്ഞുങ്ങൾ കത്തിയമരുന്നത് കണ്ടപ്പോൾ സഹിക്കാൻ വയ്യാതെ, ഒന്നും ചിന്തിക്കാതെ അന്നത്തെ മാനസികാവസ്ഥയിൽ ഇട്ടുപോയതായിരുന്നു ആ പോസ്റ്റ്. പക്ഷെ ഇന്ന് ഞാൻ പറയുന്നത് എന്റെ നിലപാടാണ്… ഞാൻ പാലസ്തീനെ ശക്തമായി പിന്തുണയ്ക്കുന്നു.
അതേസമയം ഇസ്രായേൽ നടത്തുന്ന വ്യോമാക്രമണങ്ങളിൽ ഇതുവരെ 11 കുട്ടികളും 28 സ്ത്രീകളും ഉൾപ്പടെ 109 പേരാണ് കൊലപ്പെട്ടിരിക്കുന്നത്. ഗാസയിലേക്ക് തുടരുന്ന വ്യോമാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ മരണനിരക്ക് ഗണ്യമായി ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന.
നാല് ദിവസമായി തുടരുന്ന വ്യോമാക്രമണത്തിൽ 580ലധികം പാലസ്തീനുകാർക്ക് പരിക്കേറ്റിട്ടുണ്ട്. കരമാർഗം ആക്രമണം തുടങ്ങാൻ ഇസ്രായേൽ സന്നാഹങ്ങൾ ഒരുക്കി കഴിഞ്ഞതായിട്ടാണ് റിപ്പോർട്ടുകൾ. എന്നാൽ അതിർത്തി ഗ്രാമങ്ങളിൽ ഇസ്രായേൽ ടാങ്കറുകൾ പ്രവേശിച്ചിട്ടില്ലെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക