Home KERALA കാറ്റിലും മഴയിലും വൈദ്യുതി നിലച്ച്‌ ഓക്സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ പ്രവര്‍ത്തിക്കാതെ മകള്‍ മരിച്ചു; മകളുടെ ചേതനയറ്റ ശരീരം...

കാറ്റിലും മഴയിലും വൈദ്യുതി നിലച്ച്‌ ഓക്സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ പ്രവര്‍ത്തിക്കാതെ മകള്‍ മരിച്ചു; മകളുടെ ചേതനയറ്റ ശരീരം ആംബുലന്‍സില്‍ കൊണ്ടുവന്നത് കണ്ട ആഘാതത്തില്‍ അമ്മയ്ക്കും ദാരുണാന്ത്യം

കൊടുങ്ങല്ലൂര്‍: കാറ്റിലും മഴയിലും വൈദ്യുതി നിലച്ച്‌ ഓക്സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ പ്രവര്‍ത്തിക്കാതായതോടെ മകളും, മകളുടെ വേര്‍പാടിന്‍റെ ആഘാതത്തില്‍ അമ്മയും മരിച്ചു. തൃശൂര്‍ മതിലകത്താണ് ദാരുണ സംഭവം.
റിട്ട. കെ.എസ്.ഇ.ബി ജീവനക്കാരന്‍ മതിലകം വെസ്റ്റ് തോട്ടുപുറത്ത് ഉണ്ണികൃഷ്ണന്‍റെ ഭാര്യ പ്രീതി (49), മകള്‍ ഉണ്ണിമായ (27) എന്നിവരാണ് ഒരേ രാത്രിയില്‍ അടുത്തടുത്ത് മരിച്ചത്.

ഹൃദയവാല്‍വ് സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കാട്ടൂര്‍ പൊഞ്ഞനം കോമരത്ത് ലാലിന്‍റെ ഭാര്യയായ ഉണ്ണിമായ്ക്ക് ഇടക്കിടെയുണ്ടാകുന്ന ശ്വസനതടസത്തില്‍ നിന്ന് വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററിന്‍റെ സഹായത്തോടെയാണ് ആശ്വാസം കണ്ടെത്തുന്നത്. എന്നാല്‍ വെള്ളിയാഴ്ച രാത്രി 11.30ഓടെ ഉണ്ടായ കാറ്റിലും മഴയിലും വൈദ്യുതി നിലച്ചു. ഇതോടെ ഓക്സിജന്‍ കോണ്‍സന്‍ട്രേഷന്‍ പ്രവര്‍ത്തനരഹിതമായി.

ഓക്സിജന്‍ കിട്ടാതെ ഉണ്ണിമായ അവശയാകുകയായിരുന്നു. ഉടന്‍ സമീപവാസികള്‍ ആംബുലന്‍സ് വരുത്തി സി.കെ. വളവ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചു. മകളുടെ മരണ വിവരം അറിയിക്കാതെ കൂടെയുണ്ടായിരുന്ന സമീപവാസികള്‍ പ്രീതിയെ വീട്ടിലെത്തിക്കുകയായിരുന്നു.പിറകെ മകളുടെ ചേതനയറ്റ ശരീരവും ആംബുലന്‍സില്‍ കൊണ്ടുവന്നു. ഇതോടെ ആഘാതത്തില്‍ ഗുരുതരാവസ്ഥയിലായ പ്രീതിയെ അതേ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു.

Also Read :   ആപ്പിന്റെ കാര്യത്തിൽ വ്യക്തതയില്ല; ബെവ് ക്യു ആപ് വേണ്ടെന്ന നിലപാടില്‍ എക്‌സൈസും ബെവ്‌കോയും; ഔട്ട്‌ലെറ്റുകളിലേയും ബാറുകളിലേയും മദ്യത്തിന്റെ പാഴ്സൽ വിൽപന വൈകിയേക്കും