കോവിഡ് ബാധിച്ചു മരിച്ച ജീവനക്കാരിയുടെ അന്ത്യ കർമ്മങ്ങൾ ഓൺലൈനായി നടത്തി ശ്രദ്ധേയമായിരിക്കുകയാണ് ദേശീയ ശിശുക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്മെന്റ് കൗൺസിലിൽ (എൻ. സി. ഡി. സി.)
നാഷണൽ ചൈൽഡ് ഡെവലപ്മെന്റ് കൗൺസിലിൽ സീനിയർ ഫാക്കൽറ്റിയായി സേവനം അനുഷ്ഠിച്ചുവന്ന ചാലക്കുടി മമ്പറ അറയ്ക്കൽ വീട്ടിൽ അശ്വതി എൻ. യു. (32) കഴിഞ്ഞ ദിവസമാണ് കോവിഡ് ബാധിച്ചു മരിച്ചത്.
കോവിഡ് പോസറ്റീവ് ആയി മരിച്ചതുകാരണം വീട്ടിൽ അന്ത്യമോപചാരം അർപ്പിക്കാൻ അനുവാദം ലഭിക്കാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു വഴി തെരഞ്ഞെടുത്തതെന്ന് എൻ. സി. ഡി. സി. മാസ്റ്റർ ട്രെയിനറും, ഗ്ലോബൽ ഗുഡ് വിൽ അംബാസ്സഡറുമായ ബാബ അലക്സാണ്ടർ പറഞ്ഞു.
ഇതിലൂടെ സംഘടനയുടെ ന്യൂ ഡൽഹി ഹെഡ് ഓഫീസിലെ ജീവനക്കാരടക്കം, എല്ലാ ജീവനക്കാർക്കും, ഫാക്കൽറ്റികൾക്കും, കുട്ടികൾക്കും ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞെന്നും ഇത്തരമൊരു അവസ്ഥയിൽ ഇതാണ് പരേതക്ക് നൽകാവുന്ന സാധ്യമായ മികച്ച ശ്രദ്ധാഞ്ജലിയെന്നും അദ്ദേഹം പറഞ്ഞു.
വിഷ്വലൈസേഷൻ മെഡിറ്റേഷൻ ടെക്നിക്കാണ് ഇവിടെ പ്രയോഗിച്ചതെന്നും നേരിട്ട് അന്തിമോപചാരം അർപ്പിക്കുന്നതുപോലെയുള്ള അനുഭവം എല്ലാവർക്കും അനുഭവേദ്യമായതായും ബാബ അലക്സാണ്ടർ പറഞ്ഞു. ശ്രദ്ധയിൽ പെട്ടിടത്തോളം ഇത്തരത്തിലൊരു ചടങ്ങ് ആദ്യമായാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.
മൂന്നര മണിക്കൂർ നീണ്ടുനിന്ന ഓൺലൈൻ അന്തിമോപചാരം വ്യത്യസ്തമായ അനുഭവമാണ് സമ്മാനിച്ചതെന്നു ചടങ്ങിൽ പങ്കെടുത്ത പലരും പറഞ്ഞു. റെക്കോർഡ് ചെയ്ത പ്രോഗ്രാം വൈകാതെ തങ്ങളുടെ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യുമെന്നും ഭാരവാഹികൾ പറഞ്ഞു.
എൻ. സി. ഡി. സി. യുടെ വെബ്സൈറ്റ് വിലാസം: http://ncdconline.org/
പ്രതികരിക്കാൻ ഇവിടെ എഴുതുക