പലപ്പോഴും മാട്രിമോണിയൽ പരസ്യങ്ങൾ പലതരത്തിൽ ശ്രദ്ധ പിടിച്ചു പറ്റാറുണ്ട്. വരന് വേണ്ടിയോ വധുവിന് വേണ്ടിയോ നിരത്തുന്ന യോഗ്യതകളുടെ പേരിലാവും പരസ്യങ്ങള്‍ വൈറലാകുന്നത്. ഇത്തരത്തിൽ ഒരു പരസ്യമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. കൊവിഡ് വാക്സിന് സ്വീകരിച്ച യുവാക്കളിൽ നിന്ന് വിവാഹാലോചനകൾ ക്ഷണിക്കുന്നു എന്നാണ് പരസ്യം നല്‍കിയിരിക്കുന്നത്.
24 കാരിയായ റോമൻ കത്തോലിക്കാ യുവതി, കൊവിഷീൽഡിന്റെ രണ്ട് ഡോസ് വാക്സിന് സ്വീകരിച്ച ബിരുദാനന്തര ബിരുദധാരികളിൽ നിന്ന് വിവാഹാലോചനകൾ ക്ഷണിക്കുന്നുവെന്നാണ് പരസ്യം. സംഭവം സൈബര്‍ ലോകത്ത് വൈറലായതോടെ മികച്ച പ്രതികരണങ്ങളുമായി ആളുകളും രംഗത്തെത്തി. ഈ വിവാഹ പരസ്യത്തിന്റെ ചിത്രം കോൺഗ്രസ് നേതാവ് ശശി തരൂറും ട്വിറ്ററിലൂടെ പങ്കുവച്ചിരുന്നു.
“വാക്സിന് സ്വീകരിച്ച യുവതി വാക്സിനെടുത്ത യുവാക്കളിൽ നിന്ന് വിവാഹാലോചനകൾ ക്ഷണിക്കുന്നു. ഇങ്ങനെയൊരു പരസ്യം ഇനി സാധാരണയായി മാറുമോ ” എന്നും നേതാവ് കുറിപ്പ് പങ്കുവെച്ചു. കൊവിഡ് വാക്സിൻ സ്വീകരിക്കാൻ കഴിയുന്നത്ര ആളുകളെ എത്തിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി ഗോവയിൽ നിന്ന് സാവിയോ ഫിഗ്യൂറെഡോ എന്നയാളാണ് ഈ വിവാഹപരസ്യം നൽകിയത്.
വാക്സിന് എടുക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഞാൻ ഈ പരസ്യം സൃഷ്ടിച്ചത്. അത് എന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാൽ ഇത് യഥാർത്ഥമാണെന്ന് പലരും കരുതി. അങ്ങനെ വൈറലാവുകയും ചെയ്തെന്ന് സാവിയോ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക