കോട്ടയം; ഒടുവില്‍ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം സാക്ഷാത്ക്കരിക്കാനൊരുങ്ങി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇതുവരെ സ്വന്തമായി ഒരു വീട് ഇല്ലാതിരുന്ന അദ്ദേഹം ഇപ്പോള്‍ പുതിയ വീട് വയ്ക്കുന്നതിനുള്ള ഒരുക്കത്തിലാണ്.
കുടുംബ വിഹിതമായി കിട്ടിയ ഒരേക്കർ സ്ഥലത്താണ് പുതിയ വീട് പണിയാൻ ഒരുങ്ങുന്നത്. പുതുപ്പള്ളി ജംഗ്ഷനിൽ കറുകച്ചാൽ റോഡിന് ചേർന്നു തന്നെയുള്ള പുരയിടത്തിലാണ് വീട് പണി ഉടൻ തുടങ്ങുന്നത്.
പുതുപ്പള്ളിയിൽ എത്തുന്ന എല്ലാ ഞായറാഴ്ചയും കരോട്ട് വള്ളക്കാലിൽ തറവാട് വീട്ടിലാണ് സന്ദർശകരെ കണ്ടിരുന്നത്.
വീടുപണിയെക്കുറിച്ച് ഉമ്മൻചാണ്ടി പറയുന്നത് ഇങ്ങനെ.
“ഏറെ കാലമായി ഉള്ള ആഗ്രഹം ആണ് ഇപ്പോൾ നടത്തുന്നത്. പക്ഷെ നിങ്ങൾ കരുതുന്ന പോലെ ഒരു വീട് അല്ല. പുതിപ്പള്ളിയിൽ വരുമ്പോൾ കിടക്കാൻ ഒരു വീട് എന്നത് മാത്രം ആണ് ഉദ്ദേശിക്കുന്നത്.
ഉടൻ തന്നെ വീട് പണി തുടങ്ങും” എന്നും അദ്ദേഹം പറഞ്ഞു. പുതുപ്പള്ളിയിൽ സ്ഥിര താമസം ആക്കുന്നതിന് ഉള്ള നീക്കത്തിന്റെ ഭാഗം ആണോ എന്ന ചോദ്യത്തിന് സ്ഥിരമായി ഇവിടെ തന്നെ ഉണ്ടല്ലോ എന്നായിരുന്നു മറുപടി.
നേരത്തെ മുതൽ എല്ലാ ഞായറാഴ്ചയും പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ വീട് ആയിരുന്നു ഉമ്മൻചാണ്ടിയുടെ പ്രവർത്തന കേന്ദ്രം. എന്നാൽ ഈ വീട്ടിൽ അദ്ദേഹം രാത്രി കഴിഞ്ഞിരുന്നില്ല.
പകരം നാട്ടകം സർക്കാർ ഗസ്റ്റ് ഹൗസിൽ ആയിരുന്നു താമസം. കരോട്ട് വള്ളക്കാലിൽ വീട്ടിൽ അദ്ദേഹത്തിന്റെ സഹോദരൻ അലക്സ് ചാണ്ടി ആണ് താമസിക്കുന്നത്.
സഹോദരി വത്സ തൊട്ടടുത്ത് തന്നെ ഉണ്ട്. ഇത് വരെ തറവാട് വീട് കേന്ദ്രീകരിച്ച് പ്രവർത്തിച്ചതിനാൽ ഉമ്മൻചാണ്ടിക്ക് മണ്ഡലത്തിൽ ഓഫീസും ഉണ്ടായിരുന്നില്ല. പുതിയ വീടിനോട് ചേർന്ന് ഓഫീസും നിർമ്മിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക