എല്ലാവരും സ്വാദോടെ കഴിക്കുന്ന ഒന്നാണ് ഹല്‍വ. എന്നാല്‍ ബേക്കറികളില്‍ നിന്നും മറ്റും ലഭിക്കുന്ന ഹല്‍വ ആരോഗ്യത്തിന് അത്ര ഗുണകരമല്ല. വെറും മൂന്ന് സാധനങ്ങള്‍ ഉപയോഗിച്ചു കൊണ്ട് വളരെ പെട്ടെന്ന് വീട്ടില്‍ തന്നെ ഒരു ഹല്‍വ എങ്ങിനെ തയ്യാറാക്കിയെടുക്കാം എന്ന് നോക്കാം. ഇതിനായി ആദ്യം ഒരു കപ്പ് കോണ്‍ഫ്ലവറും ഒന്നര കപ്പ് വെള്ളവും ചേര്‍ത്ത് നന്നായി യോജിപ്പിച്ചെടുക്കുക. അതിനു ശേഷം ഒരു കപ്പ് പഞ്ചസാരയും രണ്ട് കപ്പ് വെള്ളവും ചേര്‍ത്ത് നന്നായി ലായനി തയ്യാറാക്കുക.
ഈ ലായനിയിലേക്ക് നേരത്തെ യോജിപ്പിച്ച് വെച്ചിരിക്കുന്ന കോണ്‍ഫ്ലവര്‍ ചേര്‍ത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് ഒരു സ്പൂണ്‍ നാരങ്ങ നീരും രണ്ട് സ്പൂണ്‍ നെയ്യും, ആവശ്യത്തിന് അണ്ടിപ്പരിപ്പ്, ബദാം എന്നിവയും ചേര്‍ത്ത് കൊടുക്കുക. ശേഷം നന്നായി ഇളക്കി കുറുക്കിയെടുക്കുക. ഏകദേശം റെഡി ആയോ എന്നറിയാന്‍ ഇത്തിരി എടുത്ത് നോക്കുക.
പശ രൂപത്തില്‍ ആയിക്കഴിഞ്ഞാല്‍ ഏകദേശം ഹല് വ പാകമായി എന്ന് നമുക്ക് മനസ്സിലാക്കാം.ശേഷം തീ ഓഫ് ചെയ്ത് ഏത് ആകൃതിയിലാണ് നമുക്ക് വേണ്ടത് ആ ആകൃതിയിലുള്ള ഒരു പാത്രത്തിലേക്ക് മാറ്റി നന്നായി തണുത്ത ശേഷം ചെറുതായി മുറിച്ച് ഉപയോഗിക്കാം. സാധാരണ കടയില്‍ നിന്നും വാങ്ങുന്ന അതേ രുചിയിലും നിറത്തിലും ലഭിക്കുന്നതാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ റെസിപ്പി എന്തായാലും ചെയ്തു നോക്കാന്‍ മറക്കരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക