പച്ചക്കറികളും പഴങ്ങളും കേട് കൂടാതെ സൂക്ഷിക്കുന്നത് വലിയ വെല്ലുവിളിയാണ്. ഫ്രിഡ്ജില്‍ വെച്ചിട്ട് കൂടി പച്ചക്കറികള്‍ കേടാകും. എന്നാൽ ഇതിന് ഒരു പരിഹാരമുണ്ട്. ഇതിൽ പ്രധാനമായും ശ്രദ്ധിക്കേണ്ടത്
പഴങ്ങളും പച്ചക്കറികളും ഒന്നിച്ചു വയ്ക്കരുത്. അതുപോലെ തന്നെ പുതുമ നിലനിര്‍ത്തണമെങ്കില്‍ മിക്ക പച്ചക്കറികളും വായു കടക്കുന്ന വിധത്തില്‍ വേണം സൂക്ഷിക്കേണ്ടത്. ഫ്രിഡ്ജില്‍ വയ്ക്കുകയാണെങ്കിൽ പോലും ഈര്‍പ്പം ഉണ്ടെങ്കില്‍ പച്ചക്കറികള്‍ വേഗം കേടാകും.
- സവാള- സവാളയും വായുസഞ്ചാരം നടക്കുന്ന വിധത്തില്‍ സാധാരണ മുറിയുടെ ഊഷ്മാവില്‍ വയ്ക്കുന്നതാണ് നല്ലത്.
2. തക്കാളി- പച്ച തക്കാളി ഫ്രിഡ്ജിനു പുറത്തും (സാധരണ മുറിയുടെ താപനിലയില്‍ സൂക്ഷിക്കാം), പഴുത്ത തക്കാളി ഫ്രിഡ്ജിലും സൂക്ഷിക്കേണ്ടതാണ്.
3. ഉരുളക്കിഴങ്ങ്- ഉരുളക്കിഴങ്ങ് ഒറ്റയ്ക്ക് ഒരു ഇരുണ്ട, തണുത്ത മൂലയില്‍ വയ്ക്കുന്നതാണ് നല്ലത്. പലപ്പോഴും ഉരുളക്കിഴങ്ങ് സവാളയുടെയോ ആപ്പിളിന്റെയോ അടുത്ത് വയ്ക്കുമ്പോള്‍ പെട്ടെന്ന് മുള വരുന്നതായി കണ്ടിട്ടുണ്ടാകും, ഇതിനു കാരണം സവാള, ആപ്പിള്‍ എന്നിവയില്‍ നിന്നുണ്ടാകുന്ന എഥിലെന്‍ വാതകമാണ്.
4. ചീര, പാലക്- ഇലക്കറികള്‍ 1-2 ദിവസത്തിനകം പാചകം ചെയ്യുന്നതാണ് പുതുമ ഉറപ്പാക്കുന്നതിന് നല്ലത്. എന്നാല്‍ ചിലപ്പോള്‍ കുറച്ചു ദിവസങ്ങള്‍ സൂക്ഷിക്കേണ്ടി വരികയാണെങ്കില്‍ ഒരു പേപ്പര്‍ ടവ്വലില്‍ പൊതിഞ്ഞു സൂക്ഷിക്കുന്നതാണ് നല്ലത്.
5. വെളുത്തുള്ളി- വായുസഞ്ചാരം നടക്കുന്ന വിധത്തില്‍ വേണം വെളുത്തുള്ളി സൂക്ഷിക്കാന്‍.
6. കറിവേപ്പില- കറിവേപ്പില വെള്ളത്തില്‍ നന്നായി കഴുകിയതിനു ശേഷം വെള്ളം തോരാനായി വയ്ക്കുക. കേടായതോ, കറുപ്പ് കലര്‍ന്നതോ ആയ ഇലകളെല്ലാം എടുത്തു കളയുക. ഈര്‍പ്പം തീരെയില്ലാത്ത രീതിയില്‍ ആയതിനു ശേഷം, തണ്ടില്‍ നിന്ന് കറിവേപ്പില ഇലകള്‍ ശ്രദ്ധയോടെ എടുത്തതിനു ശേഷം വായു സഞ്ചാരം ഇല്ലാത്ത ഒരു കുപ്പിയില്‍ അടച്ചു സൂക്ഷിക്കുക.
7. പച്ചമുളക്- പച്ചമുളക് തണ്ട് കളഞ്ഞു വേണം സൂക്ഷിക്കാന്‍. തണ്ടു കളഞ്ഞതിനു ശേഷം പച്ചമുളക് ഒരു പേപ്പര്‍ ടവ്വലിലോ അല്ലെങ്കില്‍ പത്രക്കടലാസിലോ പൊതിഞ്ഞതിനു ശേഷം ഒരു സിപ്ലോക്കില് ആക്കി സൂക്ഷിക്കുക. നാലാഴ്ച വരെ കേടു കൂടാതെ ഇങ്ങനെ സൂക്ഷിക്കാം.
8. മല്ലിയില, പുതിനയില – വെള്ളത്തില്‍ നന്നായി കഴുകിയെടുക്കുക. കുറച്ചു സമയം ഒരു അരിപ്പയില്‍ വച്ച് വെള്ളം കളയുക. പിന്നീട് ഒരു പേപ്പര്‍ ടവ്വല്‍ കൊണ്ട് മുഴുവന്‍ വെള്ളവും ഒപ്പിയെടുക്കുക. ഈര്‍പ്പം തീരെയില്ല എന്ന് ഉറപ്പാക്കിയതിനു ശേഷം, ഒരു എയര്‍ ടൈറ്റ് പാത്രത്തിലാക്കുക.
9. ഇഞ്ചി- ഇഞ്ചിയിലെ മണ്ണും മറ്റു അഴുക്കുകളും കളഞ്ഞതിനു ശേഷം ഒരു സീപ്ലോക്കില് (വായു കടക്കാത്ത വിധം) അടച്ചു സൂക്ഷിക്കുകയാണെങ്കില്‍ വളരെ ദിവസങ്ങള്‍ കേടു കൂടാതെയിരിക്കും.
10. കാബേജ്- നനവില്ലാത്ത കാബേജ് ഫ്രിഡ്ജില്‍ സൂക്ഷിക്കുകയാണെങ്കില്‍ ആഴ്ചകളോളം കേടാകില്ല.
11. കാരറ്റ്- കാരറ്റിന്റെ മുകള്‍ ഭാഗത്തുള്ള പച്ച ഭാഗം വെട്ടിക്കളഞ്ഞിട്ടു സൂക്ഷിക്കുക. ഇവ കാരറ്റില്‍ ഉണ്ടെങ്കില്‍ കാരറ്റിലെ ജലാംശം മുഴുവന്‍ ഇത് വലിച്ചെടുക്കുകയും, തന്നിമിത്തം കാരറ്റ് ചുക്കിച്ചുളുങ്ങുകയും ചെയ്യും.
12. കിഴങ്ങുവര്‍ഗങ്ങള്‍ – ചേമ്പ്, കാച്ചില്, ചേന തുടങ്ങിയ കിഴങ്ങുവര്‍ഗങ്ങള്‍ ഏറെ നാള് ഉപയോഗിക്കാതെ വച്ചിരുന്നാല്‍ ഉണങ്ങിപ്പോകും. പാചകം ചെയ്യാന്‍ ഉദ്ദേശിക്കുന്നതിന് കുറച്ചു മണിക്കുറുകള്‍ മുന്‍പ് ഇവ തണുത്ത വെള്ളത്തില്‍ ഇട്ടതിനു ശേഷം ഉപയോഗിക്കുകയാണെങ്കില്‍ ഫ്രഷായി കിട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക