കൊല്ലം: കൊല്ലത്ത് ബാങ്ക് മാനേജരായ യുവതിയെ ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഉമയനല്ലൂർ പേരയം വൃന്ദാവനത്തിൽ വി.എസ്.ഗോപുവിന്റെ ഭാര്യ എസ്.എസ്.ശ്രീജ(32)യാണ് മരിച്ചത്. കൊല്ലം ആനന്ദവല്ലീശ്വരം എസ്.ബി.ഐ.യിൽ ഡെപ്യൂട്ടി മാനേജരായിരുന്നു.
ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് ശ്രീജയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഭർത്താവ് ഗോപു ഏഴുമണിയോടെ പാൽ വാങ്ങാൻ പുറത്തു പോയ സമയത്താണ് ശ്രീജ ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന് നൽകിയ മൊഴി. തിരിച്ചു വന്നപ്പോഴാണ് ശ്രീജയെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.
അടുക്കളയോടു ചേർന്നുള്ള വർക്ക് ഏരിയയിലായിരുന്നു തൂങ്ങിനിൽക്കുന്നത് കണ്ടത്. ഉടൻതന്നെ നാട്ടുകാരുടെ സഹായത്തോടെ കൊട്ടിയത്ത് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മരണ സമയത്ത് ഗോപുവിന്റെ പ്രായംചെന്ന അച്ഛൻ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.
തിങ്കളാഴ്ച ആർഡിഒയുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ സ്രവപരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ചൊവ്വാഴ്ച തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. മൂന്നുമാസം മുൻപാണ് ശ്രീജ കോവിഡ് മുക്തയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക