റിയാദ്: സൗദിയിലേക്ക് യുഎഇ വാതിൽ തുറക്കുമ്പോൾ അതുവഴി പോകാമെന്ന് കരുതിയിരിക്കുന്ന പ്രവാസികൾക്ക് തിരിച്ചടി. സൗദി അറേബ്യ യുഎഇ ഉൾപ്പടെ നാല് രാജ്യങ്ങൾക്ക് കൂടി പ്രവേശന വിലക്കേർപ്പെടുത്തി. ഞായറാഴ്ച രാത്രി 11 മണി മുതലാണ് വിലക്ക്. ഈ രാജ്യങ്ങളിൽ നിന്ന് വരുന്നവരെ രാജ്യത്തേക്ക് പ്രവേശിപ്പിക്കില്ലെന്ന് മാത്രമല്ല സൗദി പൗരന്മാർക്ക് നാലു രാജ്യങ്ങളിലേക്ക് പോകാൻ പ്രത്യേക അനുമതി വാങ്ങുകയും വേണം.
ഈ നാല് രാജ്യങ്ങൾക്ക് കൂടി വിലക്ക് വന്നതോടെ സൗദിയിലേക്ക് മൊത്തം യാത്രാവിലക്കുള്ള രാജ്യങ്ങളുടെ എണ്ണം 13 ആയി. അതിൽ ഇന്ത്യയും ഉൾപ്പെടും. യുഎഇ നിലവിൽ ഇന്ത്യക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും വരും ദിവസങ്ങളിൽ തന്നെ അത് നീക്കുമെന്ന സൂചനയുണ്ട്. അങ്ങനെ നീങ്ങിയാൽ സൗദിയിലേക്കുള്ള പ്രവാസികൾക്ക് മുമ്പ് ചെയ്തിരുന്നതുപോലെ ദുബൈയിൽ എത്തി, അവിടെ 14 ദിവസം തങ്ങിയ ശേഷം സൗദിയിലേക്ക് കടക്കാം എന്നൊരു കണക്ക് കൂട്ടലിലായിരുന്നു എല്ലാവരും. സൗദിയുടെ പുതിയ തീരുമാനം അത്തരം പ്രതീക്ഷകളോടെ കഴിഞ്ഞിരുന്നവരെ തീർത്തും നിരാശയിൽ ആഴ്ത്തിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക