ദില്ലി: നിയമസഭാ കയ്യാങ്കളി കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയിൽ. കേസ് തീർപ്പാക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ ഹർജി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുക. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ സർക്കാർ നീക്കത്തിനെതിരെ കടുത്ത വിമർശനമായിരുന്നു സുപ്രീംകോടതി നടത്തിയത്.
കയ്യാങ്കളി കേസ് പിൻവലിക്കാൻ സർക്കാരിന് സാധിക്കില്ലെന്ന് പറഞ്ഞ കോടതി എംഎൽഎമാരുടേത് ഒരിക്കലും യോജിക്കാനാകാത്ത പ്രവൃത്തിയാണെന്നും വിമർശിച്ചിരുന്നു. വിശദമായി കേൾക്കാതെ ഹർജി തള്ളരുതെന്ന സർക്കാർ ആവശ്യം അംഗീകരിച്ചാണ് കേസ് ഇന്നത്തേക്ക് മാറ്റിവെച്ചത്.
ബാർ കോഴ വിവാദം കത്തി നിൽക്കെയാണ് 2015 മാർച്ച് 13ന് സംസ്ഥാനത്തിന് നാണക്കേടുണ്ടാക്കിയ രാഷ്ട്രീയ കോലാഹലം നിയസമഭയിൽ അരങ്ങേറിയത്. അന്നത്തെ ധനമന്ത്രി കെ എം മാണിയുടെ ബജറ്റ് അവതരം തടസ്സപ്പെടുത്തിയ പ്രതിപക്ഷം സ്പീക്കറുടെ കസേരടയടക്കം മറിച്ചിടുകയായിരുന്നു.
കേസിൽ ഇ പി ജയരാജൻ, കെ ടി ജലീൽ, വി ശിവൻകുട്ടി, കെ അജിത്ത് എന്നിവരടക്കം 6 ജനപ്രതിനിധികൾക്കെതിരെയായിരുന്നു പൊതു മുതൽ നശിപ്പിച്ചതടക്കമുള്ള വകുപ്പുകൾ ചേർത്ത് കൻറോൺമെൻറ് പോലീസ് കേസ് എടുക്കുകയും കുറ്റപത്രം സമർപ്പിക്കുകയും ചെയ്തതത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക