മേന്മയേറിയ കുലകൾ ചുരുങ്ങിയ കാലയളവിൽ ലഭിക്കുമെന്നതാണ് ടിഷ്യുകൾച്ചർ വാഴയുടെ പ്രത്യേകത.നേന്ത്രൻ, റോബസ്റ്റ, പൂവൻ, ഞാലിപ്പൂവൻ തുടങ്ങി എല്ലാ ഇനങ്ങളും ടിഷ്യുകൾച്ചർ ഇനത്തിൽ ലഭ്യമാണ്. ഗവൺമെന്റ് ഏജൻസികൾ, കൃഷി ഭവനുകൾ, നേഴ്സറികൾ എന്നിവ വഴി തൈകൾ ലഭിക്കും.
നടീൽ രീതി
50 സെ.മീ. സമചതുരത്തിലും, ആഴത്തിലും കുഴിയെടുത്ത്, വരികൾ തമ്മിലും വാഴകൾ തമ്മിലും രണ്ട് മീറ്റർ അകലം വരത്തക്കവണ്ണം തൈകൾ നടണം. നടുന്നതിനു മുൻപായി ഓരോ കുഴിയിലും 15 കിലോ ഉണങ്ങിയ ചാണകപ്പൊടിയോ കമ്പോസ് റ്റോ, ഒരു കിലോ കുമ്മായം എന്നിവ മേൽമണ്ണുമായി യോജിപ്പിച്ചതിനു ശേഷം കുഴി മൺനിരപ്പുവരെ മൂടുക. കുഴിയുടെ നടുവിൽ തൈ നടാനുള്ള ചെറിയ കുഴി എടുത്ത് വേരുകൾക്ക് ക്ഷതം വരാതെ കവർ കീറി മണ്ണോടു കൂടി നടുക. തൈയുടെ ചുറ്റിനും ഉള്ള മണ്ണ് പതിയെ അമർത്തി കൊടുക്കുക. ചെറിയ കമ്പു കൊണ്ട് താങ്ങു കൊടുക്കുക. നേരിട്ട് വെയിലേൽക്കാതെ തണൽ നൽകണം. ഒരു ഹെക്ടറിൽ 2500 വാഴ വരെ വളർത്താം.
തൈകൾ പരിചരിക്കുന്ന രീതി
ആരോഗ്യമുള്ളതും അത്യുൽപ്പാദന ശേഷിയുള്ളതുമായ ഒരു നല്ല മാതൃ വാഴയിൽ നിന്നും ആയിരക്കണക്കിന് തൈകൾ ഉണ്ടാക്കാൻ സാധിക്കും. രണ്ടു മാസം പോളിത്തീൻ കവറിനുള്ളിൽ ഗ്രീൻ ഹൗസിൽ വളർത്തിയ ശേഷമാണ് ടിഷ്യുകൾച്ചർ വാഴതൈകൾ കർഷകർക്ക് വിൽക്കുന്നത്. തീരെ വലുപ്പം കുറഞ്ഞ തൈകളായതിനാൽ നല്ല പരിചരണം ആവശ്യമാണ്. നട്ട് 2-3 മാസം കഴിയുമ്പോൾ സാധാരണ കന്നു പോലെ ഇവ വളർന്നു വരും.
വളപ്രയോഗം
സാധാരണ വാഴയെ അപേക്ഷിച്ച് കൂടുതൽ അളവിൽ വളങ്ങൾ ടിഷ്യുകൾച്ചർ വാഴകൾക്ക് ആവശ്യമാണ്. ജൈവവളങ്ങൾ നാലു തവണകളായി നൽകണം. ഇത് കൂടാതെ ആദ്യത്തെ മൂന്ന് മാസം കടലപ്പിണ്ണാക്ക് തടത്തിൽ നൽകുന്നതും പച്ചില കമ്പോസ്റ്റ് നൽകുന്നതും വളർച്ച വേഗത്തിലാക്കും. വെള്ളം ആവശ്യത്തിന് കൊടുക്കണം.
രോഗ പ്രതിരോധം
സാധാരണ വാഴകൾക്ക് കാണാറുള്ള കൂമ്പടപ്പ്, കൊക്കാൻ , മൊസേക്ക് രോഗം തുടങ്ങിയ വൈറസ് രോഗങ്ങൾ ടിഷ്യൂകൾച്ചർ വാഴകൾക്ക് കുറവാണ്. വൈറസ് രോഗബാധയില്ലെന്ന് ഉറപ്പു വരുത്താൻ വൈറസ് ഇൻഡക്സിങ്ങ് എന്ന സാങ്കേതികവിദ്യ സഹായിക്കുന്നു. മാതൃ സസ്യത്തിന് രോഗബാധയില്ലെന്ന് ഉറപ്പാക്കുകയാണ് ചെയ്യേണ്ടത്.
ഗുണങ്ങൾ
1. മാതൃ സസ്യത്തിന്റെ അതേ രൂപ-ഭാവ-സ്വഭാവങ്ങളാവും ഉണ്ടാവുക.
2. രോഗ കീട വിമുക്തമായിരിക്കും.
3. തൈകൾ എല്ലാം ഒരേ വളർച്ചാ നിരക്കിലായിരിക്കും.
4. ഏതു കാലാവസ്ഥയിലും നടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക