ഏതു കാലാവസ്ഥയിലും വലിയ പരിചണമൊന്നും ആവശ്യമില്ലാതെ വളർത്താവുന്ന ഇനമാണ് വഴുതന. രുചികരമായ നിരവധി വിഭവങ്ങൾ വഴുതനങ്ങ കൊണ്ടു നാം പാകം ചെയ്യുന്നു. ഉപ്പേരി, തോരൻ, തീയൽ (വറുത്തരച്ച കറി) എന്നിവ പ്രധാന വഴുതന വിഭവങ്ങളാണ്. സാമ്പാർ, അവിയൽ എന്നിവയിലും വഴുതന ഉപയോഗിക്കുന്നു. വിറ്റാമിൻ കെ, വിറ്റാമിൻ ബി 6, പൊട്ടാസ്യം, സോഡിയം എന്നിവ ധാരാളമായി വഴുതനയിൽ അടങ്ങിയിരിക്കുന്നു.
നടുന്ന രീതി
ഏപ്രിൽ- മേയ്, സെപ്റ്റംബർ- ഒക്റ്റോബർ മാസങ്ങളാണ് വഴുതന നടാൻ നല്ലത്. വിത്ത് പാകിയാണ് വഴുതന തൈകൾ മുളപ്പിക്കുക. മൂപ്പെത്തിയ കായകൾ പറിച്ചെടുത്ത് അതിലെ വിത്ത് ശേഖരിച്ചു ഉണക്കി സൂക്ഷിക്കുക. വിതയ്ക്കുന്ന വിത്തുകൾ എല്ലാം മുളക്കില്ല. വളർന്നു വരുന്നവയിൽ തന്നെ ആരോഗ്യമുള്ളവ മാത്രം എടുക്കുക.
ഗ്രോ ബാഗ്/ചെടി ചട്ടി അല്ലെങ്കിൽ തറയിൽ വിരിച്ച മണലിലോ വിത്ത് വിതക്കാം. രാവിലെയും വൈകിട്ടും മിതമായി നനക്കാം. വിത്തുകൾ നടുന്നതിന് മുൻപ് കുറച്ചു നേരം സ്യുഡോമോണസ് ലായനിയിൽ(ഇരുപതു ശതമാനം വീര്യം) മുക്കി വെക്കുന്നത് നല്ലതാണ് (ഒരു തുണിയിൽ വിത്തുകൾ കെട്ടി മുക്കി വെക്കാം).വിത്തുകൾ പാകുമ്പോൾ അധികം ആഴത്തിൽ പോകാതെ ശ്രദ്ധിക്കുക.
നനയ്ക്കുമ്പോഴും ശ്രദ്ധിക്കണം, വെള്ളം നേരിട്ട് ഒഴിക്കാതെ തളിച്ചു കൊടുക്കണം. വിത്ത് മുളച്ച് നാലോ അഞ്ചോ ഇലകൾ അല്ലെങ്കിൽ വഴുതന തൈകൾ പത്ത് സെന്റീമീറ്റർ ഉയരം വന്നാൽ മാറ്റി നടാം. ആരോഗ്യമുള്ളവ മാത്രം എടുക്കുക, വേര് പോകാതെ വളരെ സൂക്ഷിച്ചു ഇളക്കിയെടുക്കാം. വൈകുന്നേരമാണ് നടാൻ നല്ല സമയം. നിലം തയ്യാറാക്കുമ്പോൾ ബാക്ടീരിയ മൂലുമുള്ള വാട്ടരോഗം ഒഴിവാക്കാൻ കുമ്മായം വിതറുന്നത് നല്ലതാണ്. ടെറസ്സ് കൃഷി എങ്കിൽ ഗ്രോ ബാഗ്/ പ്ലാസ്റ്റിക് ചാക്ക് ഇവ ഉപയോഗിക്കാം.
മണ്ണും കമ്പോസ്റ്റും ചാണകപ്പൊടിയും കലർത്തിയ നടീൽ മിശ്രിതമാണ് നല്ലത്. അടിവളമായി വേപ്പിൻ പിണ്ണാക്ക്, എല്ല് പൊടി ഇവ കൊടുക്കാം. ചെടി വളരുന്നതനുസരിച്ച് 15 ദിവസം കൂടുമ്പോൾ ജൈവവളം ഇട്ടു കൊടുക്കാം. സ്യുഡോമോണസ് (ഇരുപതു ശതമാനം വീര്യം) ലായനി രണ്ടാഴ്ച്ച കൂടുമ്പോൾ ഒഴിച്ച് കൊടുക്കുന്നത് നല്ലതാണ്.
പ്രധാന ഇനങ്ങൾ
നിരവധി ഇനം വഴുതനകൾ കേരളത്തിൽ കൃഷി ചെയ്യുന്നുണ്ട്. ശ്വേത (വെളുത്ത കളർ , ഇടത്തരം നീളം), ഹരിത (ഇളം പച്ച, നല്ല നീളമുള്ളത്), നീലിമ, സൂര്യ (വയലറ്റ് നിറം, ഉരുണ്ടത്) ഇവയാണ് പ്രധാന വഴുതന ഇനങ്ങൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക