Home AUTOMOBILE പുത്തന്‍ ഫാസിനോയുമായി യമഹ

പുത്തന്‍ ഫാസിനോയുമായി യമഹ

ജാപ്പനീസ് ഇരുചക്ര വാഹന നിർമ്മാതാക്കളായ യമഹയുടെ ജനപ്രിയ സ്‍കൂട്ടർ മോഡലായ ഫാസിനോ ഹൈബ്രിഡ് സാങ്കേതികവിദ്യ നൽകി പരിഷ്‌കരിച്ച് വിപണിയിൽ എത്തി. ഒരുമാസം മുമ്പ്​ വിർച്വൽ ലോഞ്ചിലൂടെ അവതരിപ്പിച്ച വാഹനമാണ്​ ഇപ്പോൾ നിരത്തിൽ എത്തിയിരിക്കുന്നത്​.

നിലവിലുള്ള ഫാസിനോക്ക്​ പകരമാണ്​ പുതിയ ഹൈബ്രിഡ്​ വാഹനം എത്തുന്നത്​. രണ്ട് വകഭേദങ്ങളിൽ പുതിയ ഫാസിനോ ഹൈബ്രിഡ് ലഭ്യമാണ്. ഡ്രം ബ്രേക്ക് മോഡലിന് 70,000 രൂപയും ഡിസ്​ക്​ ബ്രേക്ക് മോഡലിന് 76,530 രൂപയുമാണ് എക്സ്ഷോറൂം വിലയെന്ന് ഓട്ടോ കാർ ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

125 സിസി, എയർ-കൂൾഡ് സിംഗിൾ സിലിണ്ടർ എഞ്ചിനാണ് വാഹനത്തിന്​ കരുത്തുപകരുന്നത്​. 6,500 ആർപിഎമ്മിൽ 8.2 എച്ച്പിയും 5,500 ആർപിഎമ്മിൽ 10.3 എൻഎം ടോർക്കും എഞ്ചിൻ സൃഷ്‍ടിക്കും. വാഹനത്തിലെ ഹൈബ്രിഡ്​ സംവിധാനം തന്നെയാണ് മുഖ്യ സവിശേഷത.

സ്‍മാർട്ട് മോട്ടോർ ജനറേറ്റർ (എസ്എംജി) സിസ്റ്റമാണ് വാഹനത്തിൽ ഹൈബ്രിഡ് സംവിധാനമായി മാറുന്നത്. ഇത് ഒരു ഇലക്ട്രിക് മോട്ടോറായി പ്രവർത്തിക്കും. സ്​കൂട്ടർ ഓടിക്കു​മ്പോൾ പല സമയത്തും ഈ സംവിധാനം യാത്രികനെ പിന്തുണയ്ക്കും.

വാഹനം സ്​റ്റാർട്ട്​ ചെയ്യുമ്പോഴും കയറ്റം കയറു​മ്പോഴും ട്രാഫിക്​ സിഗ്​നലിൽ നിർത്തു​മ്പോഴുമെല്ലാം ഹൈബ്രിഡ്​ സംവിധാനം പ്രവർത്തനക്ഷമമാകും.

ബ്ലൂടൂത്ത് ഡിജിറ്റൽ ഇൻസ്ട്രുമെൻറ്​ ക്ലസ്​റ്റർ ആണ്​ മറ്റൊരു പ്രത്യേകത. പവർ അസിസ്​റ്റ്​ ഫംഗ്ഷൻ പ്രവർത്തിക്കുമ്പോൾ ഇൻസ്ട്രുമെൻറ്​ ക്ലസ്​റ്ററിൽ റൈഡറിന് അറിയിപ്പ് ലഭിക്കും.

മുൻകൂട്ടി നിശ്ചയിച്ച ആർ‌പി‌എം കടന്നതിനുശേഷം സിസ്​റ്റം പവർ അസിസ്റ്റ് ഓഫ് ചെയ്യും. ഹൈബ്രിഡ്​ സംവിധാനം വന്നതോടെ ഫാസിനോക്ക്​ മൈലേജ് കൂടി​. ഹൈവേയിൽ 64.2 കിലോമീറ്റർ ആണ്​ സ്​കൂട്ടറി​ൻറെ ഇന്ധനക്ഷമത.

സൈലൻറ്​ സ്​റ്റാർട്ട് സിസ്റ്റം, ഓട്ടോ സ്റ്റോപ്പ് സ്റ്റാർട്ട് എന്നിവ ഉൾപ്പെടെ സംവിധാനങ്ങളും സ്​കൂട്ടറിൽ ലഭിക്കും. എഞ്ചിൻ സ്റ്റാർട്ട്-സ്റ്റോപ്പ് സിസ്റ്റം ഇന്ധനക്ഷമത കൂട്ടും. ഡിസ്​ക്​ ബ്രേക്ക്, എൽഇഡി ഹെഡ്​ലൈറ്റ്,​ എൽഇഡി ഡിആർഎൽ, വി ആകൃതിയിലുള്ള ടെയിൽ‌ ലൈറ്റ് എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്​.

ഈ ഹൈബ്രിഡ് സ്‌കൂട്ടറിന്റെ ഡിസ്‌ക് ബ്രേക്ക് വേർഷനിലാണ് എൽഇഡി ഹെഡ്‌ലൈറ്റുകൾ, എൽഇഡി ടെയ്ൽലൈറ്റുകൾ, ഡേടൈം റണ്ണിംഗ് ലൈറ്റുകൾ എന്നിവ ലഭിക്കുന്നത്. ഹൈബ്രിഡ് സിസ്റ്റം എപ്പോഴാണ് പ്രവർത്തിക്കുന്നത് എന്ന് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ വ്യക്തമാക്കും. ഇന്ത്യൻ വിപണിയിൽ ഇത്തരമൊരു ഇരുചക്ര വാഹനം ഇതാദ്യമാണെന്നാണ് റിപ്പോർട്ടുകൾ.

യൂണിഫൈഡ് ബ്രേക്ക് സിസ്റ്റം (യുബിഎസ്) സഹിതമാണ് മുന്നിൽ 190 എംഎം ഡിസ്‌ക് ബ്രേക്ക്. യമഹ കണക്റ്റ് എക്‌സ് ആപ്പ് വഴി ബ്ലൂടൂത്ത് കണക്റ്റിവിറ്റി സാധ്യമാണ്. ലൊക്കേറ്റ് മൈ വെഹിക്കിൾ, ആൻസർ ബാക്ക്, റൈഡിംഗ് ഹിസ്റ്ററി, പാർക്കിംഗ് റെക്കോർഡ്, ഹസാർഡ് അലർട്ടുകൾ എന്നീ ഫീച്ചറുകൾ ലഭിക്കുന്നതാണ് ആപ്പ്.

Also Read :   നിങ്ങൾക്ക് എന്തെങ്കിലും വേണമെങ്കിൽ എടുത്തുകൊണ്ട് പോയ്ക്കോളൂ; മൃതശരീരം വരുന്നതിനു മുമ്പേ തന്നെ പലതും പിടിച്ചടക്കാനുള്ള മനസ്; എന്തേലും ഉണ്ടേൽ എന്നോടാണ് ചോദിക്കാനുള്ളത്, ഞാനാണ് ആദ്യം കണ്ടത്; അച്ഛന്റെ മൃതശരീരം കൊണ്ടുവന്ന് പോലുമില്ല, അതിനു മുമ്പേ തന്നെ അച്ഛന്റെ ആദ്യ ഭാര്യയുടെ ബന്ധുക്കൾ, ചേട്ടന്റെ ഭാര്യ വീട്ടിലെ ബന്ധുക്കൾ ഓരോ വ്യാജവാർത്ത ഇറക്കുകയാണ്; വിവാദങ്ങളെക്കുറിച്ച് പ്രതികരിച്ച് നടൻ രമേശ് വലിയശാലയുടെ മകൾ