ദിവസവും രാവിലെ ഉറക്കമുണർന്നതിന് ശേഷം നാം പല്ല് തേക്കാറുണ്ട്. മിക്കവരും രാത്രിയിൽ ഭക്ഷണശേഷം ഉറങ്ങാൻ പോകുന്നതിന് മുമ്പായും പല്ല് തേക്കാറുണ്ട്. എന്നാൽ പലരും ഇതിനൊപ്പം ചെയ്യാൻ മടിക്കുന്നതോ മറക്കുന്നതോ ആയ കാര്യമാണ് നാവ് വടിക്കുന്നത്.
ദിവസത്തിൽ ഒരിക്കൽ നിർബന്ധമായും ചെയ്യേണ്ട കാര്യമാണിത്. ദന്തരോഗ വിദഗ്ധരും ഇക്കാര്യം ഗൗരവമായി സൂചിപ്പിക്കാറുള്ളതാണ്. പല ആരോഗ്യപ്രശ്നങ്ങളെയും രോഗങ്ങളെയും അകറ്റാനും ശുചിത്വം വർധിപ്പിക്കാനുമെല്ലാം ഈ ശീലം സഹായകമാണ്.നാവ് വടിക്കുന്നത് കൊണ്ടുള്ള അഞ്ച് ആരോഗ്യഗുണങ്ങളെ കുറിച്ച് ഒന്ന് അറിയാം.
ഒന്ന്…
ദഹനപ്രവർത്തനം തുടങ്ങുന്നത് വായിൽ വച്ചാണ്. ഉമിനീരിലടങ്ങിയിരിക്കുന്ന എൻസൈമുകൾ ഭക്ഷണത്തെ വിഘടിപ്പിക്കുകയും ദഹനപ്രവർത്തനത്തിന്റെ ആദ്യഘട്ടം പൂർത്തിയാക്കുകയും ചെയ്യുന്നു. ഈ എൻസൈമുകളെ സജീവമാക്കുന്നതിന് നാവ് വടിക്കുന്നത് സഹായിക്കുന്നു.
രണ്ട്…
വായ്നാറ്റം പലർക്കും ഒരു ശാരീരിക പ്രശ്നം എന്നതിൽ കവിഞ്ഞ് വലിയ തോതിൽ ആത്മവിശ്വാസത്തെ ബാധിക്കുന്ന പ്രശ്നമായി മാറുകയാണ് പതിവ്. വായ്നാറ്റം വരാനുള്ള ഒരു പ്രധാന കാരണമാണ് നാവ് ശുചിയായി സൂക്ഷിക്കാതിരിക്കുന്നത്. പതിവായി നാവ് വടിച്ചാൽ ഒരു പരിധി വരെ വായ്നാറ്റം വരുന്നത് തടയാൻ സാധിക്കും.
മൂന്ന്…
രാത്രി മുഴുവനായി വായ്ക്കകത്ത് അടിഞ്ഞുകിടക്കുന്ന രോഗാണുക്കളെ തുരത്താൻ നാവ് വടിക്കുന്നത് സഹായിക്കും. ഇതുണ്ടാക്കുന്ന ‘ഫ്രഷ്നെസ്’ ആന്തരീകാവയവങ്ങളുടെ പ്രവർത്തനത്തെയും ത്വരിതപ്പെടുത്തും.
നാല്…
പലവിധ ആരോഗ്യപ്രശ്നങ്ങൾക്കും രോഗങ്ങൾക്കും നാവിൽ അടിഞ്ഞുകൂടുന്ന ബാക്ടീരിയ അടക്കമുള്ള രോഗാണുക്കൾ കാരണമാകാറുണ്ട്. പതിവായി നാവ് വടിക്കുന്നത് ഇത്തരം പ്രശ്നങ്ങളെയെല്ലാം അകറ്റാൻ സഹായിക്കും.
അഞ്ച്…
ഭക്ഷണത്തിന്റെ രുചി നാം തിരിച്ചറിയുന്നത് നാക്കിലെ രസമുകുളങ്ങളിലൂടെയാണ്. നാവ് വടിച്ചില്ലെങ്കിൽ ഇത് ശരിയായ രീതിയിൽ പ്രവർത്തിക്കാതെ വരാം. അതിനാൽ നാവ് വടിക്കുന്നത് പതിവാക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക