മുംബൈ: പ്രദര്‍ശനത്തിനിടെ പാമ്പിന്റെ കടിയേറ്റ് യുവാവിന് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. മുഹമ്മദ് ഷെയ്ഖ് (28) എന്നയാളാണ് മരിച്ചത്. താനെ ജില്ലയിലെ സഞ്ജയ് നഗറില്‍ വച്ചാണ് പ്രദര്‍ശനത്തിനിടെ ഇയാള്‍ക്ക് കടിയേറ്റത്.
പൊതുസ്ഥലത്ത് വച്ച് പാമ്പിനെ കഴുത്തില്‍ച്ചുറ്റി അഭ്യാസ പ്രകടനം നടത്തുന്നതിനിടെയാണ് 28കാരനെ പാമ്പ് കടിച്ചത്. പാമ്പിനെ കഴുത്തില്‍ച്ചുറ്റി സമീപത്തുള്ള ചന്തയിലൂടെ നടന്ന് മുഹമ്മദ് ഷെയ്ഖ് അഭ്യാസ പ്രകടനം നടത്തുകയായിരുന്നു. അതിനിടെ പാമ്പ് ഇയാളെ മൂന്ന് തവണ കടിച്ചതായി പൊലീസ് വ്യക്തമാക്കി.
സംഭവം നടക്കുമ്പോള്‍ ഇയാളുടെ സുഹൃത്തുക്കള്‍ ഇത് മൊബൈല്‍ ഫോണില്‍ പകര്‍ത്തുന്ന തിരക്കിലായിരുന്നു. പിന്നീട് അസ്വസ്ഥത തോന്നിത്തുടങ്ങിയ യുവാവ് തന്നെയാണ് സുഹൃത്തുക്കളോട് വിവരം പറഞ്ഞത്.
പിന്നാലെ മുഹമ്മദ് ഷെയ്ഖിനെ സമീപത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ തന്നെ ഡോക്ടര്‍ മരണം സ്ഥിരീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക