എത്ര കാലത്തെ പ്രതീക്ഷയും കാത്തിരിപ്പുമാണ് അബോർഷൻ എന്ന ഒറ്റ വാക്കിൽ തകർന്നു വീഴുന്നത്. പല കാരണങ്ങൾകൊണ്ടും അബോർഷൻ സംഭവിക്കാം. ഇതിൽ ഒഴിവാക്കപ്പെടാനാവാത്ത കാരണങ്ങൾപോലുമുണ്ട്.
സാധാരണ ഗർഭം ധരിച്ച് ഇരുപത്തിരണ്ട് ആഴ്ചയ്ക്കുള്ളിൽ അലസിപ്പോകുന്നതിനെയാണ് അബോർഷൻ എന്നു പറയുന്നത്. ജനിതക വൈകല്യമാണ് ആദ്യത്തെ പന്ത്രണ്ട് ആഴ്ചയ്ക്കുള്ളിലെ അബോർഷനു പ്രധാന കാരണം. പതിനഞ്ച് ശതമാനം ഗർഭിണികളിൽ അബോർഷൻ സാധ്യത കണക്കാക്കുന്നു.
ഇരുപത് വയസിനും മുപ്പത് വയസിനും ഇടയിലാണ് ഗർഭധാരണത്തിന് ഏറ്റവും അനുയോജ്യമായ പ്രായം. അമ്മയുടെ പ്രായം കൂടുന്നതനുസരിച്ച് കുഞ്ഞിന് ജനിതക വൈകല്യങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും കൂടുന്നു. അതുകൊണ്ട് തന്നെ മുപ്പത്തിയഞ്ച് വയസിന് മുകളിൽ പ്രായമുള്ളവർ ഗർഭം ധരിക്കുമ്പോൾ പ്രത്യേക ശ്രദ്ധയും പരിചരണവും ആവശ്യമാണ്. വിവിധ പരിശോധനകൾ വഴി ഗർഭസ്ഥശിശുവിന്റെ ആരോഗ്യം ഉറപ്പ് വരുത്തേണ്ടതാണ്.
അമ്മയുമായി ബന്ധപ്പെട്ട കാരണങ്ങൾകൊണ്ടും ഗർഭസ്ഥ ശിശുവുമായി ബന്ധപ്പെട്ട കാരണങ്ങൾകൊണ്ടും അബോർഷൻ സംഭവിക്കാം. ഇതിൽ ഗർഭസ്ഥശിശുവുമായി ബന്ധപ്പെട്ട കാരണങ്ങളാണ് ജനിതക പ്രശ്നങ്ങൾ, വൈകല്യങ്ങൾ, മുന്തിരിക്കുല ഗർഭം, ഇരട്ട ഗർഭം എന്നിവ.
അമ്മയ്ക്കുണ്ടാകുന്ന അണുബാധകൾ, തൈറോയിഡ് പ്രശ്നങ്ങൾ, പ്രമേഹം, പ്രഷർ, വൃക്കസംബന്ധമായ രോഗങ്ങൾ, വളരെക്കാലം നീണ്ടു നിൽക്കുന്ന മറ്റ് അസുഖങ്ങൾ,അമ്മയുടെ രോഗപ്രതിരോധശേഷി കുറയുക എന്നിവ ഗർഭം അലസിപ്പോകാനുള്ള കാരണങ്ങളാണ്. കൂടാതെ അമ്മയുടെ പ്രായം അബോർഷനിൽ ഒരു പ്രധാന ഘടകമാണ്.
അമ്മയുടെ ഗർഭാശയ മുഖത്തിന് ഗർഭം താങ്ങിനിർത്തനുള്ള ശേഷി ഇല്ലാതിരിക്കുക, ഗർഭപാത്രത്തിലെ മുഴകൾ, ഗർഭപാത്രത്തിന്റെ ഘടനയിലുള്ള പ്രശ്നങ്ങൾ തുടങ്ങി പല കാരണങ്ങളും അബോർഷനു പിന്നിൽ കാണാം.
ഗർഭധാരണത്തിന്റെ ആദ്യമാസങ്ങളിൽ രക്തസ്രാവം ഉണ്ടായാൽ എത്രയും വേഗം വൈദ്യസഹായം തേടണം. അബോർഷൻ മൂലമാകാം ഈ രക്തസ്രാവം. അല്ലെങ്കിൽ അബോർഷനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാൽ നിർബന്ധമായും ഡോക്ടറെ കാണുകയും ഡോക്ടറുടെ നിർദേശപ്രകാരം മരുന്നുകൾ യഥാസമയം കഴിക്കുകയും വേണം. വിശ്രമം നിർദേശിച്ചാൽ അത് പാലിക്കണം.
കാരണം, ആദ്യമാസങ്ങളിലെ രക്തസ്രാവം തുടർന്നുള്ള മാസങ്ങളിൽ കൂടുതൽ അപകടങ്ങൾക്ക് കാരണമായേക്കാം. ഗർഭസ്ഥ ശിശുവിന്റെ വളർച്ചക്കുറവ്, മറുപിള്ള വിട്ടു പോരുക, മാസംതികയാതെ പ്രസവിക്കുക എന്നിവയ്ക്കുള്ള സാധ്യതകൂടുതലാണ്.
ഗർഭം അലസിയെങ്കിലും ഗർഭത്തിന്റെ കുറച്ചു ഭാഗം ഗർഭപാത്രത്തിൽ തന്നെ ഒട്ടിപ്പിടിച്ചിരിക്കുന്ന അവസ്ഥയാണ് ഇൻകംപ്ലീറ്റ് അബോർഷൻ. സാധാരണയായി രാക്തസ്രാവവും വയറു വേദനയുമാണ് ലക്ഷണങ്ങൾ. ഇങ്ങനെയുള്ളവർക്ക് ഡി ആൻഡ് സി വഴി ശേഷിക്കുന്ന ഗർഭം നീക്കം ചെയ്യേണ്ടതായി വരും.
അമിത രക്തസ്രാവം ജീവൻ അപകടത്തിലാക്കും. വയറു വേദനയും രക്തസ്രാവവും തന്നെയാണ് പൂർണമായ അബോർഷന്റെയും ലക്ഷണം. രക്തം കട്ടിയായും മാംസത്തിന്റെ അംശം പോലെയും പോകാം. ഇവിടെ ഗർഭം പൂർണമായും ഗർഭ പാത്രത്തിൽ നിന്നു പോയിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക