മിക്കവരുടെയും പ്രിയപ്പെട്ട സമയമാണ് മഴക്കാലം. ഭക്ഷണപ്രേമികളാണെങ്കിൽ മഴയുടെ മാസങ്ങളെന്നാൽ അവർക്ക് തങ്ങളുടെ പ്രിയപ്പെട്ട പല ഭക്ഷണങ്ങളും ആസ്വദിക്കാനുള്ള കാലം കൂടിയാണ്.ജീവിതരീതികളിൽ പല മാറ്റങ്ങളും ഇതിന് അനുസരിച്ച് വരുത്താം. മഴക്കാലത്ത് ഒഴിവാക്കേണ്ട ഭക്ഷണങ്ങളുണ്ട്. അവയെ കുറിച്ച് അറിയാം…
ഒന്ന്…
സ്ട്രീറ്റ് ഫുഡ് ഇഷ്ടമല്ലാത്തവർ കുറവായിരിക്കും. ചാട്ടുകളോ, സമൂസയോ, ചൂട് ബജിയോ ഒക്കെ ഇത്തരത്തിൽ നിരവധി പേരുടെ പ്രിയപ്പെട്ട ഭക്ഷണങ്ങളാണ്. എന്നാൽ മഴക്കാലത്ത് സ്ട്രീറ്റ് ഫുഡ് പരമാവധി ഒഴിവാക്കുന്നതാണ് ഉത്തമം. കാരണം മഴക്കാലത്ത് എല്ലായിടത്തും നനവിരിക്കുന്നതിനാൽ രോഗാണുക്കളുടെ വ്യാപനം വളരെ വേഗത്തിലായിരിക്കും. അൽപം ശുചിത്വപ്രശ്നം നേരിട്ടാൽ തന്നെ ഭക്ഷണം എളുപ്പത്തിൽ മലിനമായി മാറാൻ സാധ്യതകളേറെയാണ്. ഇത് ഭക്ഷണത്തിലൂടെ ഉണ്ടായേക്കാവുന്ന ആരോഗ്യപ്രശ്നങ്ങളിലേക്കോ അസുഖങ്ങളിലേക്കോ നയിച്ചേക്കാം.
രണ്ട്…
മഴക്കാലത്ത് ഏറെ പേരും കഴിക്കാൻ ആഗ്രഹിക്കുകയും തെരഞ്ഞെടുക്കുകയും ചെയ്യുന്ന തരം ഭക്ഷണമാണ് ഫ്രൈഡ് ഫുഡുകൾ. എന്നാൽ മഴയുടെ സീസണിൽ ഇത്തരം ഭക്ഷണങ്ങൾ കഴിവതും ഒഴിവാക്കുകയാണ് വേണ്ടത്. കാരണം മഴക്കാലത്ത് ദഹനപ്രവർത്തനം മന്ദഗതിയിലായിരിക്കും നടക്കുക. അങ്ങനെ വരുമ്പോൾ ഫ്രൈഡ് ഫുഡുകൾ ദഹനപ്രശ്നങ്ങൾ സൃഷ്ടിക്കാനുള്ള സാധ്യതകളേറെയാണ്.
മൂന്ന്…
മീൻ വിഭവങ്ങളോട് പ്രത്യേക ഇഷ്ടമുള്ളവരുടെ മറ്റൊരു പ്രിയപ്പെട്ട മേഖലയാണ് സീ ഫുഡ്. മഴക്കാലം കടൽവിഭവങ്ങളുടെ പ്രജനനകാലം കൂടി ആയതിനാൽ ഈ സമയത്ത് ഇവ കഴിക്കാതിരിക്കുന്നതാണ് നല്ലത്. ജലജന്യമായ അസുഖങ്ങൾക്കുള്ള സാധ്യത ഇതുണ്ടാക്കുന്നു.
നാല്…
ആരോഗ്യത്തിന് ഏറെ ഗുണകരമായ ഭക്ഷണമാണ് ഇലക്കറികൾ. എന്നാൽ മഴക്കാലത്ത് ഇലക്കറികൾ അത്ര കഴിക്കാതിരിക്കുന്നതാണ് നല്ലത്. കാരണം, മഴയുള്ളപ്പോൾ ഇലകളിൽ ബാക്ടീരിയ- ഫംഗസ് ബാധ കൂടുതലായിരിക്കും. അവ ശരീരത്തിലെത്തിയാൽ പല രോഗങ്ങൾക്കും, ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകാം. അഥവാ ഇവ ഉപയോഗിക്കുകയാണെങ്കിൽ തന്നെ ചൂടുവെള്ളത്തിൽ മുക്കിയെടുത്ത ശേഷം മാത്രം പാകം ചെയ്ത് കഴിക്കാൻ ശ്രദ്ധിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക