ദോഹ: ഗോ ഫസ്റ്റ് എയർലൈൻസ് കേരളത്തിൽ നിന്ന് ഖത്തറിലേക്ക് പുതിയ വിമാന സർവീസുകൾ പ്രഖ്യാപിച്ചു. ഓഗസ്റ്റ് അഞ്ച് മുതൽ കൊച്ചി, കണ്ണൂർ എന്നിവിടങ്ങൾക്ക് പുറമെ മുംബൈയിൽ നിന്നും ദോഹയിലേക്ക് സർവീസ് തുടങ്ങുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
ഇന്ത്യയിലെ ബജറ്റ് എയർലൈനായിരുന്ന ഗോ എയർ എയർലൈൻസാണ് പേര് മാറ്റി ഗോ ഫസ്റ്റ് എയർലൈൻസായത്.
കൊച്ചിയിൽ നിന്നും കണ്ണൂരിൽ നിന്നും ആഴ്ചയിൽ രണ്ട് സർവീസുകൾ വീതമാണ് നടത്തുന്നത്. വ്യാഴം, ശനി ദിവസങ്ങളിൽ കൊച്ചിയിൽ നിന്നും വെള്ളി, ഞായർ ദിവസങ്ങളിൽ കണ്ണൂർ നിന്നും ദോഹയിലേക്ക് സർവീസുകളുണ്ടാകും.
മുംബൈയിൽ നിന്ന് ആഴ്ചയിൽ നാല് ദോഹ സർവീസുകളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. തിങ്കൾ, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലായിരിക്കും ഇത്.
ഇന്ത്യയ്ക്കും ഖത്തറിനും ഇടയിൽ നിലവിലുള്ള എയർ ബബ്ൾ കരാർ ഓഗസ്റ്റ് അവസാനം വരെ നീട്ടിയതായി കഴിഞ്ഞ ദിവസം ഖത്തറിലെ ഇന്ത്യൻ എംബസി അറിയിച്ചിരുന്നു.
നിലവിൽ എയർ ഇന്ത്യ, ഇന്റിഗോ, ഖത്തർ എയർവേയ്സ് എന്നിവയാണ് കേരളത്തിൽ നിന്ന് ദോഹയിലേക്ക് സർവീസ് നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക