തിരുവനന്തപുരം: ലാറ്ററല്‍ എന്‍ട്രി വഴിയുള്ള പോളിടെക്നിക് പ്രവേശനത്തിനുള്ള നടപടികള്‍ ആരംഭിച്ചു. കേരളത്തിലെ മുഴുവന്‍ സര്‍ക്കാര്‍, സര്‍ക്കാര്‍ എയിഡഡ്, ഐ.എച്ച്.ആര്.ഡി സ്വാശ്രയ പോളിടെക്നിക് കോളജുകളില്‍ ലാറ്ററല്‍ എന്‍ട്രി വഴി രണ്ടാം വര്‍ഷ ഡിപ്ലോമ പ്രവേശനത്തിന് പ്ലസ് ടു/വി എച്ച് എസ് ഇ അല്ലെങ്കില്‍ ഐ.ടി.ഐ/ കെ.ജി.സി.ഇ പാസ്സായവര്‍ക്ക് നിബന്ധനകള്‍ പ്രകാരം അപേക്ഷിക്കാം. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഇംഗ്ലീഷ് എന്നിവ പഠിച്ച് പ്ലസ് ടു പാസ്സായവര്‍ക്ക് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളില്‍ ഒരുമിച്ചു 50 ശതമാനം മാര്‍ക്ക് ലഭിച്ചിട്ടുണ്ടെങ്കില്‍ അപേക്ഷിക്കാം.
ഈ വിഷയങ്ങള്‍ പഠിച്ച വി.എച്ച്.എസ്.ഇ കാര്‍ക്കും പ്ലസ്ടുവിന് തുല്യതയുണ്ടെങ്കില്‍ അപേക്ഷിക്കാം. രണ്ടു വര്‍ഷ ഐ.ടി.ഐ/ കെ.ജി.സി.ഇ കോഴ്സുകള്‍ പാസ്സായവര്‍ക്ക് തങ്ങളുടെ ട്രേഡുകളുമായി ബന്ധപ്പെട്ട ഡിപ്ലോമ പ്രോഗ്രാമില്‍ അപേക്ഷിക്കാം. ഈ വിഭാഗക്കാര്‍ക്ക് ഒന്നാം വര്‍ഷ പ്രവേശനത്തിന് ലഭിച്ചിരുന്ന മുഴുവന്‍ സീറ്റുകളും ലാറ്ററല്‍ എന്‍ട്രി വഴി രണ്ടാം വര്‍ഷത്തിലേക്ക് നേരിട്ട് ലഭിക്കും.
പോളിടെക്നിക് കോളജുകളില്‍ പഠിച്ചുകൊണ്ടിരിക്കുന്നവര്‍ക്കോ മുന്‍പ് പഠിച്ചവര്‍ക്കോ അപേക്ഷിക്കാനാവില്ല. ലാറ്ററല്‍ എന്‍ട്രി വഴി പ്രവേശനം നേടുന്നവര്‍ പ്രോസ്പെക്ടസ്സില്‍ പ്രതിപാദിച്ചിട്ടുള്ള ഒന്നാം വര്‍ഷത്തിന്റെ ക്രെഡിറ്റ് ലഭിക്കുന്നതായി നിശ്ചയിച്ചിട്ടുള്ള അധിക വിഷയങ്ങള്‍ നിശ്ചിത സമയത്തിനകം പാസ്സാകണം.
പൊതു വിഭാഗങ്ങള്‍ക്ക് 300 രൂപയും, പട്ടികജാതി/പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് 150 രൂപയുമാണ് അപേക്ഷഫീസ്. www.polyadmission.org/let എന്ന വെബ്സൈറ്റ് മുഖേന ഓണ്‍ലൈനായി ഫീസടച്ച് അപേക്ഷ സമര്‍പ്പിക്കാം. എസ്.സി/എസ്.ടി, ഒ.ഇ.സി, എസ്.ഇ.ബി.സി വിഭാഗങ്ങളിലെ അപേക്ഷകര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമുള്ള സംവരണം ലഭിക്കും. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണം ഓഗസ്റ്റ് 14 വരെ തുടരും. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.polyadmission.org
പ്രതികരിക്കാൻ ഇവിടെ എഴുതുക