Home LATEST NEWS ദുരഭിമാനക്കൊല; ഭാര്യാമാതാവും രണ്ട് വാടകക്കൊലയാളികളും അറസ്റ്റിൽ

ദുരഭിമാനക്കൊല; ഭാര്യാമാതാവും രണ്ട് വാടകക്കൊലയാളികളും അറസ്റ്റിൽ

രാജസ്ഥാനിലെ ജോധ്പുരില്‍ യുവാവിന്റെ വെട്ടിനുറുക്കിയ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഭാര്യാമാതാവും രണ്ട് വാടകക്കൊലയാളികളും അറസ്റ്റിലായി. ദുരഭിമാനക്കൊലയാണെന്ന് പൊലീസ് വ്യക്തമാക്കി. മഗാജിവാലി സ്വദേശി വിനോദിനെ കൊലപ്പെടുത്തിയ കേസിലാണ് ജോധ്പുര്‍ പൊലീസ് 72 മണിക്കൂറിനുള്ളില്‍ പ്രതികളെ പിടികൂടിയത്.

വിനോദിന്റെ ഭാര്യാമാതാവ് ഗ്യാര്‍സി ദേവി, ഇവരുടെ അയല്‍ക്കാരും വാടക കൊലയാളികളുമായ ഗബ്ബാര്‍ സിങ് രാജ്പുരോഹിത്, ധന്‍രാജ് വൈഷ്ണവ് എന്നിവരാണ് അറസ്റ്റിലായത്. അഞ്ച് ലക്ഷം രൂപയ്ക്കാണ് ദേവി മരുമകനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയത്. തന്റെ അനുവാദമില്ലാതെ മകള്‍ വിനോദിനെ വിവാഹം കഴിച്ചത് ദേവിയെ ചൊടിപ്പിച്ചിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണമായതെന്നും പൊലീസ് വ്യക്തമാക്കി.

ശനിയാഴ്ചയാണ് സുര്‍പുര ഡാമിന് സമീപം വലിയ പ്ലാസ്റ്റിക് കവറില്‍ വെട്ടിനുറുക്കിയ നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ കൊല്ലപ്പെട്ടത് വിനോദ് ആണെന്ന് കണ്ടെത്തി. ഇതിനിടെ രണ്ടുപേരാണ് മൃതദേഹം ഡാമിന് സമീപം ഉപേക്ഷിച്ചതെന്നും അന്വേഷണത്തില്‍ തെളിഞ്ഞു.

സംഭവദിവസം വിനോദ് ഭാര്യാമാതാവിന്റെ വീട്ടിലെത്തിയതായി സിസിടിവി ദൃശ്യങ്ങളില്‍നിന്നും വ്യക്തമായി. തുടര്‍ന്ന് ദേവിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പൊലീസിന്റെ ചോദ്യംചെയ്യലില്‍ മരുമകനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയത് താനാണെന്ന് ദേവി സമ്മതിച്ചു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

Also Read :   വിദേശത്തുള്ള ഡോക്ടര്‍ ആണെന്ന് പറഞ്ഞ് തൃശൂർ സ്വദേശിനിയിൽ നിന്ന് 35 ലക്ഷം രൂപ തട്ടി; മണിപ്പൂർ സ്വദേശികളായ ദമ്പതികൾ പിടിയിൽ