കണ്ണൂര്‍:വെളിച്ചെണ്ണ മില്ലിലെ വോള്‍ട്ടേജ് ക്ഷാമത്തിന് പരിഹാരം തേടിയാണ് പിണറായി സ്വദേശി നൗഫല്‍ വ്യവസായ വകുപ്പ് മന്ത്രി പി രാജീവിന്റെ മീറ്റ് ദ മിനിസ്റ്റര്‍ പരിപാടിയില്‍ എത്തിയത്. തിരിച്ച് പോയതാകട്ടെ സര്‍ക്കാരിനും വൈദ്യുതി വകുപ്പിനും നന്ദി പറഞ്ഞു കൊണ്ട്.
ഒന്നര വര്‍ഷം മുമ്പാണ് നൗഫല്‍ വേങ്ങാട് പഞ്ചായത്തില്‍ നമാസ്കോ ട്രേഡ്സ് ആന്റ് എക്സ്പോര്‍ട്സ് കമ്പനിയുടെ വെളിച്ചെണ്ണ നിര്‍മാണ യൂണിറ്റ് ആരംഭിച്ചത്. 440 വോള്‍ട്ട് വൈദ്യുതി ലഭിച്ചാല്‍ മാത്രമേ പാക്കിംഗ് വിഭാഗത്തിലെ യന്ത്രങ്ങള്‍ പ്രവര്‍ത്തിക്കാനാവൂ. എന്നാല്‍ 350 ഓളം വോള്‍ട്ട് വൈദ്യുതി മാത്രമാണ് ഇവര്‍ക്ക് ലഭിക്കുന്നത്. അടിക്കടിയുണ്ടാകുന്ന വോള്‍ട്ടേജ് ക്ഷാമം ചൂണ്ടിക്കാട്ടി ആറ് മാസം മുമ്പാണ് നൗഫല്‍ കെ എസ് ഇ ബി യെ സമീപിക്കുന്നത്. ഒരു കോടിയിലധികം രൂപ ചെലവ് വരുന്ന യന്ത്രസാമഗ്രികളാണ് വെളിച്ചെണ്ണ പാക്കിംഗ് യൂണിറ്റിലുള്ളത്.
വേങ്ങാട് പഞ്ചായത്തിലെ വ്യവസായികള്‍ നേരിടുന്ന പ്രധാന പ്രശ്നമാണ് വൈദ്യുതി ക്ഷാമമെന്നും ഇത് പരിഹരിക്കാന്‍ വേങ്ങാട് ഒരു സബ്സ്റ്റേഷന് അനുവദിക്കണമെന്നുമായിരുന്നു നൗഫലിന്റെ ആവശ്യം. പരാതി പരിഗണിച്ച കെ എസ്.ഇ.ബി അധികൃതര്‍ അഞ്ച് ലക്ഷം രൂപ ചെലവില്‍ പാക്കിംഗ് യൂണിറ്റിനായി പ്രത്യേക ട്രാന്‍സ്ഫോമര്‍ അനുവദിച്ചു നല്‍കുമെന്ന് ഉറപ്പ് നല്കി. വേങ്ങാട് സബ് സ്റ്റേഷന് തുടങ്ങാനാവശ്യമായ നടപടികള്‍ ആരംഭിച്ചതായും കെ എസ് ഇ ബി അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക